സഹോദരിയുടെ മകളുടെ മരണത്തിൽ വേദനയോടെ എഴുതിയ ഒരു ഫെയ്സ്ബുക്ക് കുറിപ്പാണ് സാമൂഹികമാധ്യമങ്ങളിൽ ഇപ്പോൾ കണ്ണീര് പടർത്തുന്നത്. ഷാജി കെ. മാത്തൻ എന്ന ഫെയ്സ്ബുക്ക് പ്രൊഫൈലിലാണ് അദ്ദേഹം തന്റെ സഹോദരിയുടെ മകൾ സ്നേഹ അന്ന ജോസിന്റെ വിയോഗവുമായി ബന്ധപ്പെട്ട് ഏറെ വികാരനിർഭരമായ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. അവസാനംവരെയും കാൻസറിനോട് പൊരുതിയ സ്നേഹയെക്കുറിച്ച് ഷാജി കെ. മാത്തൻ പങ്കുവെച്ച കുറിപ്പ് ഇങ്ങനെ:
‘ഈ ഫോട്ടോ വേണം പത്രത്തിൽ കൊടുക്കുവാൻ….
ഇത് എന്റെ സ്നേഹമോൾ..
എന്റെ സഹോദരി ഷീജയുടെ ഒരേയൊരു മകൾ.. സ്നേഹയെന്ന പേരു തിരഞ്ഞെടുത്തത് ഞാനായിരുന്നു.
പേരുപോലെ തന്നെ സ്നേഹവും അച്ചടക്കവും വിനയവുമുള്ളവൾ.
പത്താംതരം വരെ പഠനത്തിൽ മെല്ലെപ്പോക്ക്. പിന്നീടവൾ സ്വപ്നം കാണുവാൻ തുടങ്ങി.. 11, 12 ൽ മികച്ച മാർക്കുകൾ, എഞ്ചിനിയറിങ് അവസാന വർഷമെത്തുമ്പോൾ അസുഖബാധിതയായിട്ടും 90% ലധികം മാർക്ക്. അവളെ പിടികൂടിയ അസുഖം ചെറുതല്ലന്നറിഞ്ഞിട്ടും അവൾ പുഞ്ചിരിച്ചു.
ഗൂഗിളിൽ കയറി മരുന്നുകളും ചികിത്സകളും മനസിലാക്കി. അപ്പനോട് പറഞ്ഞു വസ്തുവിറ്റോ കടം വാങ്ങിയോ എന്നെ ചികിത്സിക്കാമോ.. ജോലി കിട്ടുമ്പോൾ ഞാൻ വീട്ടാം.
അങ്ങനെ മജ്ജ മാറ്റിവെച്ചു…ശേഷം അവൾ സ്വപ്നംകണ്ട ചെറിയ ജോലിയിൽ കയറി. ചെറുചിരികളുമായി സന്തോഷം പങ്കിട്ടു പോന്നപ്പോൾ രണ്ടര വർഷത്തിനു ശേഷം അവളെ തേടി വീണ്ടും അതേ അസുഖമെത്തി…
ചില ക്യാൻസറങ്ങനെയാണ്. രണ്ടാമതും മജ്ജ മാറ്റിവെച്ചു.. അവൾക്കായി എല്ലാ ചികിത്സകളും ചെയ്തു. ഇന്നിപ്പോൾ എല്ലാം വിഫലം..
ഇനിയും കുറച്ച് ആഗ്രഹങ്ങൾ ബാക്കിയുണ്ട്. പത്രത്തിൽ കൊടുക്കേണ്ടതായ ഫോട്ടോ ഇതായിരിക്കണം.. ഫ്ലക്സ് വെക്കുകയാണങ്കിൽ ഈ ഫോട്ടോ തന്നെ വേണം.. പുതിയ സെറ്റ് ഉടുപ്പിക്കണം.. ചുറ്റും റോസാ പൂക്കൾ വേണം.. ഇനി ഞങ്ങൾക്ക് ചെയ്തുതീർക്കുവാൻ നിന്റെ കൊച്ചു കൊച്ചു സ്വപ്നങ്ങൾ മാത്രം..
ധാരാളം മെസേജുകളും വിളികളും വരുന്നതിനാൽ വ്യക്തമായ ഒരു പോസ്റ്റിടുകയാണ്… ഫോണെടുക്കുവാൻ പലപ്പോഴും കഴിയാറില്ല…ക്ഷമിക്കുക.”