തിരുവനന്തപുരം: പ്രവാസി മലയാളികൾക്ക് പുതിയ ലൈസൻസ് എടുക്കുന്നതിനും കാലാവധി കഴിഞ്ഞ ലൈസൻസുകൾ പുതുക്കുന്നതിനും ഒരുദിവസം അഞ്ചുസ്ലോട്ടുകൾ നീക്കിവെച്ചിട്ടുണ്ടെന്ന് ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാർ. ഇത് അനുവദിക്കാൻ ഏതെങ്കിലും ഉദ്യോഗസ്ഥർ മടിച്ചാൽ തന്റെ ഓഫീസിൽ പരാതിപ്പെടാമെന്നും ഉടൻ നടപടിയുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു. ഫെയ്സ്ബുക്ക് പേജിൽ പങ്കുവെച്ച വീഡിയോയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

കേരളത്തിന് പുറത്തുതാമസിക്കുന്ന മലയാളികൾക്കായി ഒരുദിവസത്തെ ടെസ്റ്റിനുവേണ്ടിയുള്ള 40 സ്ലോട്ടുകളിൽ അഞ്ചെണ്ണം മാറ്റിവെച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച് ട്രാൻസ്പോർട്ട് കമ്മിഷണറുടെ ഉത്തരവുണ്ട്. ഇത് തരാൻ ഏതെങ്കിലും ഉദ്യോഗസ്ഥൻ മടിച്ചാൽ മന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെടണം. പ്രവൈറ്റ് സെക്രട്ടറിക്ക് പരാതി നൽകിയാൽ അപ്പോൾത്തന്നെ നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു.

അപേക്ഷ നൽകിയാൽ ഒരു തീയതി ലഭിക്കും. ആ തീയതിയുമായി ആർ.ടി.ഓയേയോ ജോയിന്റ് ആർ.ടി.ഓയേയോ സമീപിച്ചാൽ ആവശ്യപ്പെടുന്ന ഏറ്റവും അടുത്ത തീയതി അനുവദിക്കും. തന്നില്ലെങ്കിൽ മന്ത്രിയുടെ ഓഫീസിലേക്ക് ബന്ധപ്പെടാം. കർശനമായ നിർദേശം ആർ.ടി.ഒമാർക്കും ജോയിന്റ് ആർ.ടി.ഒമാർക്കും ഉദ്യോഗസ്ഥർക്കും നൽകിയിട്ടുണ്ട്. ട്രാൻസ്പോർട്ട് കമ്മിഷണറുടേയും മന്ത്രിയെന്ന നിലയിൽ തന്റേയും ഉത്തരവുണ്ട്. അവർ അനുസരിച്ചേ പറ്റുകയുള്ളൂ എന്നും മന്ത്രി വ്യക്തമാക്കി.

കാലാവധി കഴിയുന്നതിന് ആറുമാസം മുമ്പേയും പുതുക്കാം. തീർന്നാൽ ഒരുവർഷത്തിൽ ഉള്ളിൽവരെ ഫൈനടയ്ക്കാതെ പുതുക്കാം. പക്ഷേ, ആ സമയത്ത് വാഹനംഓടിക്കാൻ പാടില്ല. അടുത്ത നാലുവർഷത്തിനുള്ളിൽ ഫൈനോടെ പുതുക്കാം. നാലുവർഷം കഴിഞ്ഞാണെങ്കിൽ ലേണേഴ്സ് ലൈസൻസ് ലഭിക്കുന്നതുമുതലുള്ള നടപടികളിലൂടെ വീണ്ടും കടന്നുപോകേണ്ടിവരുമെന്നും ഗണേഷ് കുമാർ പറഞ്ഞു.