മുംബൈ: ഏഷ്യയിലെ ആദ്യത്തെ നാലുതട്ട് ഫ്ളൈഓവര്‍ നാഗ്പൂരിൽ തുറന്നു. കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി ഉദ്ഘാടനം ചെയ്തു. ഗദ്ദിഗോഡത്തിലെ ഗുരുദ്വാരയ്ക്ക് സമീപമാണിത്. 1650 ടൺ ഭാരമുള്ള ഉരുക്ക് പാലമാണ് ഇവിടെ നിർമ്മിച്ചിരിക്കുന്നത്.
മുകള്‍ത്തട്ടില്‍ മെട്രോ റെയില്‍പ്പാത, തൊട്ടുതാഴെ ഫ്ളൈഓവർ, അതിനുതാഴെ റെയില്‍വേപ്പാത, ഏറ്റവും താഴെ റോഡ് എന്നിവയടങ്ങിയതാണ് സംവിധാനം.
എല്‍.ഐ.സി. ചൗക്ക് മുതല്‍ ഓട്ടോമോട്ടീവ് ചൗക്ക് വരെ 5.67 കിലോമീറ്ററാണ് നീളം. മഹാമെട്രോ, ദേശീയപാത അതോറിറ്റി എന്നിവർ ചേർന്നാണ് ഫ്ളൈഓവർ പണിതത്. 573 കോടിയാണ് ചെലവ്. 2019-ല്‍ തുടങ്ങിയതാണ് ഈ ഫ്ളൈഓവറിന്റെ നിർമാണം
നാല് തലത്തിലുള്ള ഗതാഗത സംവിധാനമുള്ള രാജ്യത്തെ ആദ്യത്തെ ഘടനയാണിത്. കാംതി മാർഗിലെ കനത്ത ഗതാഗതക്കുരുക്കിൽ നിന്ന് യാത്രക്കാർക്ക് ഇനി ആശ്വാസം ലഭിക്കും. കാംതിയിൽ നിന്ന് വരുന്നവർക്കും പോകുന്നവർക്കും ഈ മേൽപ്പാലത്തിൽ നിന്ന് നേരിട്ട് യാത്ര ചെയ്യാം, സമയവും ഇന്ധനവും ലാഭിക്കാം.