കോഴിക്കോട് തിരുവമ്പാടി പൂല്ലുരാംപാറയ്ക്ക് സമീപം കെഎസ്ആര്‍ടിസി ബസ് കാളിയമ്പുഴയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ മരണം രണ്ടായി. ഗുരുതരമായി പരിക്കേറ്റ് തിരുവമ്പാടി ലിസ ആശുപത്രിയിലെത്തിച്ച സ്ത്രീയും മരിച്ചു. ആനക്കാംപൊയിൽ സ്വദേശിനി ത്രേസ്യാമ്മ (75) ആണ് മരിച്ചത്. നേരത്തെ ഗുരുതരമായി പരിക്കേറ്റ് ഓമശ്ശേരി ശാന്തി ആശുപത്രിയിലെത്തിച്ച തിരുവമ്പാടി കണ്ടപ്പൻചാൽ സ്വദേശിനിയും മരിച്ചിരുന്നു. വേലംകുന്നേൽ കമലം (65) ആണ് മരിച്ചത്.
പരിക്കേറ്റ മറ്റു നാലു പേരുടെ നില ഗുരുതരമായി തുടരുകയാണ്. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. കെഎസ്ആര്‍ടിസി ബസിന്റെ ഡ്രൈവറും കണ്ടക്ടറും ഓമശ്ശേരി ശാന്തി ആശുപത്രിയിലാണ് ചികിത്സയിലുള്ളത്. തിരുമ്പാടി ലിസ ആശുപത്രിയിൽ 12 പേരാണ് ചികിത്സയിലുള്ളത്. ഇവരുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. പരിക്കേറ്റ മറ്റുള്ളവരെ മുക്കത്തെ ആശുപത്രിയിലും കോഴിക്കോട് മിംസ് ആശുപത്രിയിലും പ്രവേശിപ്പിച്ചിട്ടുണ്ട്.
കോഴിക്കോട് മിംസിൽ ദീപ (42) എന്ന സ്ത്രീയെ ആണ് പ്രവേശിപ്പിച്ചിട്ടുണ്ട്. അതേസമയം, അപകടത്തിൽ ഗതാഗത മന്ത്രി കെബി ഗണേൽ് കുമാര്‍ റിപ്പോര്‍ട്ട് തേടി. അപകടത്തെക്കുറിച്ച് അടിയന്തരമായി അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ഗതാഗത മന്ത്രി കെബി ഗണേഷ് കുമാര്‍ നിര്‍ദേശം നല്‍കിയത്. കെഎസ്ആര്‍ടിസി എംഡിയോയാണ് ഗതാഗത മന്ത്രി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്. ബസ് പാലത്തിൽ നിന്ന് പുഴയിലേക്ക് മറിയാനുണ്ടായ കാരണം ഉള്‍പ്പെടെ അന്വേഷിച്ച് വിശദമായ റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശം.