തിരുപ്പൂരിൽ വീട്ടിൽ പടക്കനിർമാണത്തിനിടെ ഉണ്ടായ പൊട്ടിത്തെറിയിൽ ഒമ്പത് മാസം പ്രായമുള്ള കുഞ്ഞ് ഉൾപ്പെടെ മൂന്ന് പേർ മരിച്ചു. 14 പേർക്ക് പരിക്കേൽറ്റിട്ടുണ്ട്. തിരുപ്പൂർ പാണ്ഡ്യൻ നഗറിലാണ് സംഭവം. കണ്ണൻ എന്ന കുമാർ (23), പടക്കനിർമാണ തെഴിലാളിയായ യുവതി, ഒമ്പത് മാസം പ്രായമായ ആലിയ എന്നിവരാണു മരിച്ചത്.
കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടന്ന കണ്ണനെ (23) ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ചിതറിത്തെറിച്ച നിലയിലായിരുന്നു യുവതിയുടെ മൃതദേഹം. യുവതിയെ തിരിച്ചറിഞ്ഞിട്ടില്ല. സ്ഫോടനം നടന്ന വീടിന്റെ തൊട്ടടുത്ത വീട്ടിലെ മുഹമ്മദ് ഹുസൈന്റെ കുഞ്ഞാണ് ആലിയ.
പാണ്ഡ്യൻ നഗറിലെ പൊന്നമ്മാൾ സ്ട്രീറ്റിൽ കാർത്തിക് (44), ഭാര്യ സത്യപ്രിയ (34) എന്നിവരുടെ വീട്ടിലാണ് ഉച്ചയോടെ സ്ഫോടനമുണ്ടായത്. അനധികൃതമായാണ് വീട്ടിൽ പടക്കനിർമാണശാല പ്രവർത്തിച്ചിരുന്നതെന്ന് റിപ്പോർട്ടുണ്ട്. ഈറോഡിലെ നമ്പിയൂരിൽ പടക്കക്കട നടത്തുന്ന കാർത്തിയുടെ ഭാര്യാസഹോദരൻ ശരവണകുമാറാണ് ദീപാവലിക്കും ക്ഷേത്രോത്സവങ്ങൾക്കും കാർത്തിയുടെ വീട്ടീൽ അനധികൃതമായി പടക്കങ്ങൾ ഉണ്ടാക്കാൻ തൊഴിലാളികളെ ഏർപ്പെടുത്തിയതെന്ന് തിരുപ്പൂർ സിറ്റി പൊലീസ് കമീഷണർ എസ്. ലക്ഷ്മി പറഞ്ഞു.
ശരവണകുമാറിനെയും മറ്റൊരാളെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സ്ഫോടനത്തിൽ വീടിന്റെ മുൻഭാഗം പൂർണമായും സമീപത്തെ മറ്റു ചില വീടുകൾ ഭാഗികമായും തകർന്നു. ചികിത്സയിൽ കഴിയുന്ന 14 പേരിൽ ആറുപേരും തെരുവിൽ കളിച്ചുകൊണ്ടിരുന്ന കുട്ടികളാണ്. അപകടത്തിൽ വീടിന് സമീപം താമസിച്ചിരുന്ന ഏതാനും കുടിയേറ്റ തൊഴിലാളികൾക്കും പരിക്കേറ്റു.