രത്തൻ ടാറ്റയെന്ന മനുഷ്യസ്നേഹിയായ വ്യവസായിയുടെ വിയോഗത്തിൽ വേദനിക്കുകയാണ് രാജ്യം. രാഷ്ട്രപതി ദ്രൗപതി മുർമുവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഉൾപ്പെടെയുള്ളവർ രത്തൻ ടാറ്റയുടെ വിയോഗത്തിൽ അനുശോചനം അറിയിച്ചു. രാഷ്ട്രീയ, സാമൂഹിക, വ്യവസായ രംഗങ്ങളിൽ നിന്നുള്ള നിരവധി പ്രമുഖരാണ് തങ്ങളുടെ വേദന സാമൂഹിക മാധ്യമങ്ങളിലൂടെയും അല്ലാതെയും പങ്കുവെയ്ക്കുന്നത്. കോ‍പററേറ്റ് രംഗത്തെ വളർച്ച രാഷ്ട്ര നിർമാണവുമായി കൂട്ടിച്ചേർക്കുകയും നൈതികത കൊണ്ട് അതിനെ മികച്ചതാക്കുകയും ചെയ്ത മാതൃകയായാണ് ഇന്ത്യയ്ക്ക് നഷ്ടമായതെന്ന് രാഷ്ട്രപതി ദ്രൗപതി മുർമു അഭിപ്രായപ്പെട്ടു.

പത്മവിഭൂഷനും പത്മഭൂഷനും കരസ്ഥമാക്കിയ അദ്ദേഹം ടാറ്റ ഗ്രൂപ്പിന്റെ പാരമ്പര്യം ഏറെ ആകർഷണീയമാക്കി മാറ്റി ലോകത്തിന് മുന്നിൽ അവതരിപ്പിച്ചു. പരിചയസമ്പന്നരായ പ്രൊഫഷണലുകളെയും വിദ്യാർത്ഥികളെയും ഒരുപോലെ പ്രചോദിപ്പിച്ചു. ജീവകാരുണ്യ പ്രവ‍ർത്തനങ്ങളിലെ അദ്ദേഹത്തിന്റെ സംഭാവനകളും വിലമതിക്കാനാവാത്തതാണ്’ – രാഷ്ട്രപതി ദ്രൗപതി മുർമു അനുശോചന സന്ദേശങ്ങൾ വിശദീകരിച്ചു. ദീർഘവീക്ഷണനും അനുകമ്പയുമുള്ള വ്യക്തിത്വമായിരുന്നു രത്തൻ ടാറ്റയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും അനുശോചിച്ചു. ഇന്ത്യയിലെ ഏറ്റവും പഴക്കമേറിയവയിലൊന്നും ഏറ്റവും അഭിമാനകരവുമായ വ്യവസായ സംരംഭങ്ങൾക്ക് സുസ്ഥിരമായ നേതൃത്വമൊരുക്കി. അപ്പോൾ തന്നെ അദ്ദേഹത്തിന്റെ സംഭാവനകൾ ആ സ്ഥാപനത്തിൽ മാത്രം ഒതുങ്ങി നിൽക്കാതെ ഒരുപാട് അകലങ്ങളിലേക്ക് എത്തിയിരുന്നുവെന്നും നരേന്ദ്രമോദി അനുശോചന സന്ദേശങ്ങൾ പറഞ്ഞു.

രത്തൻ ടാറ്റയുടെ വിയോഗം ഹൃദയഭേദകമെന്നായിരുന്നു കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി അനുശോചിച്ചത്. ആധുനിക ഇന്ത്യയുടെ വഴി പുനർനിർവചിച്ച വ്യക്തിത്വമായിരുന്നു രത്തൻ ടാറ്റയെന്ന് രാഹുൽ ഗാന്ധി അനുസ്മരണ കുറിപ്പിൽ വിശദീകരിക്കുന്നു. രത്തൻ ടാറ്റയെ പോലുള്ള ഇതിഹാസങ്ങൾ മാഞ്ഞുപോകില്ലെന്ന് ഗൗതം അദാനി പറഞ്ഞു. ദശലക്ഷക്കണക്കിന് മനുഷ്യർക്ക് പ്രചോദനമേകിയ വ്യക്തിത്വമായിരുന്നുവെന്ന് മല്ലികാർജുൻ ഖാ‍ർഗെ അനുസ്മരിച്ചു. ശക്തമായ ഒരു സാന്നിദ്ധ്യമാണ് ഇന്ത്യയ്ക്ക് നഷ്ടമാകുന്നതെന്ന് അഭിപ്രായപ്പെട്ട തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ ടാറ്റയുടെ പാരമ്പര്യം തലമുറകൾക്ക് പാഠമാവുമെന്നും പറഞ്ഞു.