ദുബായ്: വനിതാ ടി20 ലോകകപ്പില്‍ സെമി സാധ്യത നിലനിര്‍ത്താനുള്ള ജീവന്‍മരണപ്പോരാട്ടത്തില്‍ ശ്രീലങ്കക്കെതിരെ 82 റണ്‍സിന്‍റെ വമ്പന്‍ ജയവുമായി സെമി പ്രതീക്ഷ നിലനിര്‍ത്തി ഇന്ത്യൻ വനിതകള്‍. ഇന്ത്യക്കെതിരെ 173 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ശ്രീലങ്ക 19.5 ഓവറില്‍ 90 റണ്‍സിന് ഓള്‍ ഔട്ടായി. മൂന്ന് പേര്‍ മാത്രമാണ് ലങ്കന്‍ നിരയില്‍ രണ്ടക്കം കടന്നത്. 21 റണ്‍സെടുത്ത കാവിഷ ദില്‍ഹാരിയാണ് ലങ്കയുടെ ടോപ് സ്കോറര്‍.

കാവിഷക്ക് പുറമെ അനുഷ്ക സഞ്ജീവനി(20), അമ കാഞ്ചന(19) എന്നിവരാണ് ലങ്കന്‍ നിരയിൽ രണ്ടക്കം കടന്നത്. ഇന്ത്യക്കായി മലയാളി താരം ആശ ശോഭനയും അരുന്ധതി റെഡ്ഡിയും 19 റണ്‍സിന് മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. വമ്പന്‍ ജയത്തോടെ നെറ്റ് റണ്‍റേറ്റ് മെച്ചപ്പെടുത്തിയ ഇന്ത്യ മൂന്ന് കളികളില്‍ നാലു പോയന്‍റുമായി പാകിസ്ഥാനെ മറികടന്ന് രണ്ടാം സ്ഥാനത്തേക്ക് കയറി. സ്കോര്‍ ഇന്ത്യ 20 ഓവറില്‍ 172-3, ശ്രീലങ്ക 19.5 ഓവറില്‍ 90ന് ഓള്‍ ഔട്ട്.