ഇ
ന്ത്യയിലെ ഥാർ ആരാധാകർക്ക് നാലുവർഷത്തെ കാത്തിരിപ്പ് സമ്മാനിച്ച വാഹനമാണ് ഫൈവ് ഡോർ മോഡലായ ഥാർ റോക്സ്. ഓഗസ്റ്റ് 15-ന് ഇന്ത്യയിൽ അവതരിപ്പിച്ച ഈ ലൈഫ് സ്റ്റൈൽ എസ്.യു.വിയുടെ ആദ്യ യൂണിറ്റ് കഴിഞ്ഞ ദിവസം ഉടമയ്ക്ക് കൈമാറി. കീഴ്വഴക്കം തെറ്റിക്കാതെ ഓൺലൈൻ ലേലത്തിലൂടെയായിരുന്നു ആദ്യ വാഹനത്തിന്റെ വിൽപ്പന. പരമാവധി 22.50 ലക്ഷം രൂപ എക്സ്ഷോറൂം വില വരുന്ന ഈ വാഹനത്തിന്റെ ആദ്യ യൂണിറ്റ് 1.31 കോടി രൂപയ്ക്കാണ് ഉടമ സ്വന്തമാക്കിയത്.
മിൻഡ കോർപറേഷൻ ഉടമയായ ആകാശ് മിൻഡയാണ് ഇന്ത്യയിലെ ആദ്യ ഥാർ റോക്സിന്റെ ഉടമയായിരിക്കുന്നത്. സെപ്റ്റംബർ 15, 16 ദിവസങ്ങളിലായാണ് ഈ വാഹനത്തിനുള്ള ലേലം നടന്നത്. 10,980 പേർ ലേലത്തിൽ രജിസ്റ്റർ ചെയ്തിരുന്നുവെങ്കിലും 20 പേർ മാത്രമായിരുന്നു അവസാനഘട്ടത്തിലുണ്ടായിരുന്നത്. ഇവർ തമ്മിലുള്ള വാശിയേറിയ ലേലത്തിനൊടുവിലാണ് ആകാശ് 1.31 കോടി രൂപയ്ക്ക് ലേലം ഉറപ്പിച്ച് രാജ്യത്തെ ആദ്യ ഥാർ റോക്സിന്റെ ഉടമയായത്.