ന്യൂയോർക്ക്: ടർക്കിഷ് എയർലൈൻസ് പൈലറ്റ് യാത്രാമധ്യേ വിമാനത്തിൽ കുഴഞ്ഞുവീണു മരിച്ചു. അമേരിക്കയിലെ സിയാറ്റിലിൽനിന്ന് തുർക്കിയിലെ ഇസ്താംബൂളിലേക്കു പോകുകയായിരുന്ന വിമാനത്തിലെ പൈലറ്റ് ഇൽസെഹിൻ പെഹ്ലിവാൻ (59) ആണ് മരിച്ചത്.
ഇതിന് പിന്നാലെ വിമാനം ന്യൂയോർക്കിൽ അടിയന്തര ലാൻഡിംഗ് നടത്തി. യാത്രാമധ്യേ ബോധരഹിതനായ പൈലറ്റിന് ഉടൻതന്നെ വൈദ്യസഹായം നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തുടർന്ന് വിമാനത്തിലെ മറ്റൊരു പൈലറ്റും സഹ പൈലറ്റും ചേർന്ന് ന്യൂയോർക്കിൽ വിമാനം അടിയന്തര ലാൻഡിംഗ് നടത്തുകയായിരുന്നു.
വിമാനം നിലംതൊടും മുൻപേ പൈലറ്റ് മരിച്ചിരുന്നു. 2007 മുതൽ ടർക്കിഷ് എയർലൈൻസിലെ പൈലറ്റായിരുന്ന ഇൽസെഹിന് ആരോഗ്യപ്രശ്നങ്ങളൊന്നും റിപ്പോർട്ട് ചെയ്തിരുന്നില്ല. ഈ വർഷം മാർച്ചിൽ നടത്തിയ പതിവ് മെഡിക്കൽ പരിശോധനയിൽ അദ്ദേഹം വിജയിച്ചിരുന്നതായി എയർലൈൻസ് വക്താവ് അറിയിച്ചു.