കണ്ണൂർ: കണ്ണൂർ വിമാനത്താവളത്തിന് പോയിന്റ് ഓഫ് കോൾ പദവി ലഭിക്കാൻ വേണ്ടി സംസ്ഥാന സർക്കാർ കാര്യക്ഷമമായ ഇടപെടലാണ് നടത്തുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പാർലമെൻ്ററി സ്റ്റാൻഡിങ് കമ്മിറ്റി ഇതുമായി ബന്ധപ്പെടുത്തി ശുപാർശ ചെയ്തിട്ടും കേന്ദ്രസർക്കാർ ഇത് അനുവദിച്ചിട്ടില്ല. എംപിമാർ കൂട്ടായി ഈ പദവി നേടിയെടുക്കുന്നത് വേണ്ടിയുള്ള ശ്രമങ്ങൾ നടത്തണമെന്ന് മുഖ്യമന്ത്രി പറ‍ഞ്ഞു.

മലബാർ മേഖലയിലെ വിദേശ ഇന്ത്യക്കാരുടെ യാത്രാ സൗകര്യങ്ങള്‍, ചരക്കുഗതാഗതം എന്നിവ വര്‍ദ്ധിപ്പിക്കുന്നതിനും ടൂറിസത്തിന്‍റെ അനന്ത സാധ്യതകള്‍ മുന്നില്‍ കണ്ടും ആധുനിക വ്യോമയാന മേഖലയോട് കിടപിടിക്കാനുതകുന്ന അടിസ്ഥാന സൗകര്യങ്ങളോടെയാണ് കണ്ണൂർ എയർപോർട്ട് ഒരുക്കിയിരിക്കുന്നത്. എന്നാൽ എയര്‍പോര്‍ട്ടിന് ‘പോയിന്‍റ് ഓഫ് കോള്‍’ പദവി ലഭിക്കാത്തത് എയര്‍പോര്‍ട്ടിന്‍റെ വളര്‍ച്ചയെയും പ്രദേശത്തിന്‍റെ സാമ്പത്തിക വളര്‍ച്ചയെയും ബാധിക്കുന്നുണ്ട്.

‘പോയിന്‍റ് ഓഫ് കോള്‍’ പദവി ലഭിച്ചാല്‍ മാത്രമേ വിദേശ വിമാനക്കമ്പനികള്‍ക്ക് കണ്ണൂരില്‍ നിന്നും സര്‍വീസുകള്‍ നടത്താന്‍ കഴിയൂ. നിലവില്‍ രാജ്യത്തിനകത്തുള്ള വിമാനക്കമ്പനികള്‍ക്കു മാത്രമാണ് വിമാനസര്‍വീസ് നടത്താന്‍ അനുമതി നല്‍കിയിട്ടുള്ളത്. ഈ വിമാനക്കമ്പനികള്‍ക്ക് ആവശ്യാനുസരണം സര്‍വീസ് നടത്താന്‍ വിമാനങ്ങള്‍ ലഭ്യവുമല്ല. അതിനാലാണ് യാത്രക്കാര്‍ കൂടുതല്‍ ഉണ്ടെങ്കിലും കണ്ണൂരില്‍ വിമാനസര്‍വീസുകള്‍ ആവശ്യമനുസരിച്ച് നടത്താന്‍ സാധിക്കാത്തത്. കൂടുതല്‍ വിമാനസര്‍വീസുകള്‍ക്ക് അവസരമുണ്ടായാല്‍ എയര്‍പോര്‍ട്ടില്‍ നിലവിലുള്ള അടിസ്ഥാനസൗകര്യങ്ങള്‍ ഉപയോഗപ്പെടുത്താനും അനുബന്ധ വികസനം സാധ്യമാക്കാനും സാധിക്കും.

എയര്‍പോര്‍ട്ടിന് ‘പോയിന്‍റ് ഓഫ് കോള്‍’ ലഭ്യമാകാത്തത് കാരണം ഉത്തര മലബാറിലെ ജനങ്ങളുടെ യാത്രാ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനും, ലഭ്യതയനുസരിച്ചുള്ള ചരക്ക് നീക്കം നടത്തുന്നതിനും വിഘാതങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. കണ്ണൂര്‍ ജില്ലയ്ക്കും കാസര്‍ഗോഡ്, വയനാട്, കോഴിക്കോട്, ജില്ലയുടെ ഭൂരിഭാഗം പ്രദേശങ്ങള്‍ക്കും പ്രയോജനകരമായ കണ്ണൂര്‍ എയര്‍പോര്‍ട്ട് കൂര്‍ഗ്, മൈസൂര്‍, മംഗലാപുരം എന്നിവിടങ്ങളിലെ യാത്രക്കാരുടെ ബദല്‍ എയര്‍പോര്‍ട്ട് കൂടിയാണ്.