റിയാദ്: മേഖലയില്‍ നിലനില്‍ക്കുന്ന സംഘര്‍ഷത്തിന്‍റെ പശ്ചാത്തലത്തില്‍ ഇറാനെതിരേ ആക്രമണം നടത്തുന്നതിന് തങ്ങളുടെ വ്യോമാതിര്‍ത്തികള്‍ ഉപയോഗിക്കാന്‍ ഇസ്രായേലിനെ അനുവദിക്കില്ലെന്ന് ഗള്‍ഫ് രാജ്യങ്ങള്‍ അമേരിക്കയെ അറിയിച്ചതായി റിപ്പോര്‍ട്ട്. ഇസ്രായേല്‍ കേന്ദ്രങ്ങള്‍ക്കെതിരേ ഇറാന്‍ നടത്തിയ മിസൈല്‍ ആക്രമണങ്ങള്‍ക്ക് തിരിച്ചടിയായി ഇറാന്‍റെ എണ്ണ കേന്ദ്രങ്ങള്‍ ആക്രമിക്കാന്‍ പദ്ധതിയിടുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് പുതിയ നീക്കം. റോയിട്ടേഴ്‌സ് വാര്‍ത്താ ഏജന്‍സിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

ഇറാന്‍റെ എണ്ണ കേന്ദ്രങ്ങള്‍ ആക്രമിക്കുന്നതില്‍ നിന്ന് ഇസ്രായേലിനെ തടയാന്‍ ഗള്‍ഫ് രാജ്യങ്ങള്‍ അമേരിക്കയ്ക്കു മേല്‍ സമ്മര്‍ദം ചെലുത്തുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. മേഖലയില്‍ സംഘര്‍ഷം രൂക്ഷമായാല്‍ തങ്ങളുടെ എണ്ണ ഉല്‍പ്പാദന കേന്ദ്രങ്ങള്‍ക്ക് നേരെ ആക്രമണം ഉണ്ടായേക്കാനുള്ള സാധ്യത ചൂണ്ടിക്കാണിക്കാട്ടിയാണ് ഈ നീക്കമെന്നും ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള സ്രോതസ്സുകളെ ഉത്തരിച്ച് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.

ഇത്തരമൊരു സാഹചര്യം ഉണ്ടാവാതിരിക്കാന്‍ വേണ്ടിയാണ് ഇറാനെതിരായ ഏതെങ്കിലും ആക്രമണത്തിനായി തങ്ങളുടെ വ്യോമാതിര്‍ത്തിയില്‍ പറക്കാന്‍ ഇസ്രായേലിനെ അനുവദിക്കില്ലെന്ന തീരുമാനം ഗള്‍ഫ് രാജ്യങ്ങള്‍ കൈക്കൊണ്ടതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

മേഖലയിലെ സംഘര്‍ഷം ലഘൂകരിക്കുന്നതിന് ഗള്‍ഫ് രാജ്യങ്ങള്‍ വഴി സമ്മര്‍ദ്ദം ചെലുത്തുകയെന്ന ലക്ഷ്യത്തോടെ ഇറാന്‍ പ്രസിഡന്‍റും വിദേശകാര്യ മന്ത്രിയും ഉള്‍പ്പെടെയുള്ള നേതാക്കള്‍ കഴിഞ്ഞ ദിവസം സൗദിയും ഖത്തറും ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഇറാന്‍റെ എണ്ണ കേന്ദ്രങ്ങള്‍ക്കെതിരായ ആക്രമണം അനുവദിക്കരുതെന്ന് കാണിച്ച് ഗള്‍ഫ് രാജ്യങ്ങള്‍ യുഎസ്സിനെ സമീപിച്ചതെന്നാണ് വിലയിരുത്തപ്പെടുന്നത്.