കൊച്ചി: മട്ടാഞ്ചേരിയിൽ മൂന്നര വയസ്സുകാരനെ അധ്യാപിക മർദ്ദിച്ച സംഭവത്തിൽ പ്ലേ സ്‌കൂൾ അടച്ചുപൂട്ടാൻ ഉത്തരവ്. മട്ടാഞ്ചേരിയിൽ പ്രവർത്തിക്കുന്ന സ്മാർട്ട് കിഡ്‌സ് പ്ലേ സ്കൂളിനാണ് നോട്ടീസ് നൽകാൻ മന്ത്രി വി ശിവൻകുട്ടി നിർദ്ദേശം നൽകിയത്. സ്കൂൾ പ്രവർത്തിക്കുന്നത് വിദ്യാഭ്യാസ വകുപ്പിന്റെ അനുമതിയില്ലാതെയാണെന്നും അനുമതി ഇല്ലാത്ത വിദ്യാലയങ്ങളെ പറ്റി അന്വേഷിച്ചു റിപ്പോർട്ട് നൽകാനും മന്ത്രി നിർദ്ദേശം നൽകി.
ഇന്നലെയായിരുന്നു മട്ടാഞ്ചേരിയിൽ പ്രവർത്തിക്കുന്ന സ്മാർട്ട് കിഡ്‌സ് പ്ലേ സ്കൂളിലെ അധ്യാപിക സീതാലക്ഷ്മി മൂന്നര വയസ്സുള്ള കുട്ടിയെ ക്രൂരമായി തല്ലിയത്. ക്ലാസിൽ വച്ച് അധ്യാപിക ചോദിച്ച ചോദ്യങ്ങൾക്ക് കുട്ടി വ്യക്തമായി ഉത്തരം നൽകിയില്ല എന്ന കാരണം പറഞ്ഞായിരുന്നു മർദ്ദനം.
വീട്ടിലെത്തിയ കുട്ടി ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിച്ചതോടെ രക്ഷിതാക്കൾ നടത്തിയ പരിശോധനയിലാണ് തല്ലുകൊണ്ട് പൊട്ടിയ പാടുകൾ കണ്ടത്. തുടർന്ന് കുട്ടിയെ ആശുപത്രിയിൽ എത്തിച്ചു. വൈദ്യ പരിശോധനയ്ക്കുശേഷം മട്ടാഞ്ചേരി പൊലീസ് സ്റ്റേഷനിൽ രക്ഷിതാക്കൾ പരാതിയും നൽകി.