തിരുവനന്തപുരം: കഴിഞ്ഞ കുറച്ചു ദിവസമായി മുഖ്യമന്ത്രി പിണറായി വിജയനും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും തമ്മിലുള്ള പോര് തുടരുകയാണ്. അതിനിടെ മുഖ്യമന്ത്രി അയച്ച കത്തിലെ വിവരങ്ങള്‍ പുറത്തുവിട്ട് ഗവര്‍ണര്‍. സംസ്ഥാനത്ത് ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായി പറഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി നല്‍കിയ മറുപടി കത്താണ് ഗവര്‍ണര്‍ പുറത്തുവിട്ടത്. കത്ത് വൈരുദ്ധ്യങ്ങള്‍ നിറഞ്ഞതാണെന്ന് ഗവര്‍ണര്‍ പറഞ്ഞു

സര്‍ക്കാരിനെതിരെ അടുത്തിടെ ഉയര്‍ന്ന ആരോപണങ്ങളില്‍ വിശദീകരണം ആവശ്യപ്പെട്ട് വിളിപ്പിച്ച ഡിജിപിയെയും ചീഫ് സെക്രട്ടറിയേയും രാജ് ഭവനിലേക്ക് അയയ്ക്കാത്ത സര്‍ക്കാര്‍ നിലപാടില്‍ കടുത്ത അതൃപ്തി തുടരുന്നതിനിടെയാണ് കത്തിലെ വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. 

മുഖ്യമന്ത്രിയുടെ കത്തിലെ വിശദീകരണം മനസ്സിലാകുന്നില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു. സംസ്ഥാനത്ത് ദേശവിരുദ്ധ ശക്തികള്‍ പ്രവര്‍ത്തിക്കുന്നതായി പറഞ്ഞിട്ടില്ല എന്നാണ് മുഖ്യമന്ത്രി തനിക്ക് അയച്ച കത്തില്‍ പറയുന്നത്. അദ്ദേഹത്തെ താന്‍ വിശ്വസിക്കാം. പക്ഷേ, അതേ കത്തില്‍ സംസ്ഥാനത്തെ സ്വര്‍ണക്കടത്ത് രാജ്യത്തിനെതിരെയുള്ള കുറ്റകൃത്യമാണെന്ന് പറയുന്നുണ്ടെന്നും ഇതു തമ്മില്‍ വൈരുദ്ധ്യമുണ്ടെന്നും ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി.

രാജ്യസുരക്ഷയെ ബാധിക്കുന്ന കാര്യങ്ങള്‍ ഇന്ത്യന്‍ പ്രസിഡന്റിനെ അറിയിക്കേണ്ട ഉത്തരവാദിത്തം ഗവര്‍ണര്‍ക്കുണ്ടെന്ന് പറഞ്ഞ ആരിഫ് മുഹമ്മദി ഖാന്‍ സര്‍ക്കാരിനെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നപ്പോള്‍ വിശദീകരണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തയച്ചുവെന്നും എന്നാല്‍ മറുപടി നല്‍കാന്‍ മുഖ്യമന്ത്രി തയാറായില്ലെന്നും ചൂണ്ടിക്കാട്ടി. 

27 ദിവസമായിട്ടും കത്തിനു മറുപടി നല്‍കാത്തതിനെ തുടര്‍ന്ന് ഉദ്യോഗസ്ഥരെ രാജ് ഭവനിലേക്ക് വിളിപ്പിച്ചപ്പോഴാണ് മറുപടി നല്‍കാന്‍ മുഖ്യമന്ത്രി തയാറായത്. ഇത് ഗൗരവമുള്ള കാര്യമാണ്. മുഖ്യമന്ത്രിക്ക് എന്തോ ഒളിക്കാനുള്ളതിനാലാണ് ഉദ്യോഗസ്ഥരെ അയയ്ക്കാത്തതെന്നും ഇനി മുതല്‍ ചീഫ് സെക്രട്ടറിയും ഡിജിപിയും രാജ് ഭവനിലേക്ക് വരേണ്ടെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.

ഉദ്യോഗസ്ഥരെ രാജ് ഭവനിലേക്ക് അയയ്ക്കാതിരുന്ന മുഖ്യമന്ത്രി അതിന്റെ പ്രത്യാഘാതം അറിയുമെന്ന് കഴിഞ്ഞ ദിവസം മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഗവര്‍ണര്‍ വ്യക്തമാക്കിയിരുന്നു. ഓര്‍ഡിനന്‍സില്‍ ഒപ്പുവയ്ക്കാന്‍ ഉദ്യോഗസ്ഥരെ രാജ് ഭവനിലേക്ക് അയയ്ക്കുന്ന സര്‍ക്കാര്‍, ചീഫ് സെക്രട്ടറിയെ രാജ് ഭവനിലേക്ക് വിളിച്ചുവരുത്തിയത് ശരിയല്ലെന്നാണ് പറയുന്നതെന്നും ഗവര്‍ണര്‍ ചൂണ്ടിക്കാട്ടിയിരുന്നു. 

സ്വര്‍ണക്കടത്ത് രാജ്യത്തിനെതിരായ കുറ്റമാണെന്ന് മുഖ്യമന്ത്രി പറയുമ്പോള്‍ അതേക്കുറിച്ച് താന്‍ അന്വേഷിക്കുന്നത് തന്റെ അധികാരപരിധിക്ക് പുറത്തുള്ള കാര്യമാണോയെന്നും ഗവര്‍ണര്‍ ചോദിച്ചു. ദേശവിരുദ്ധ പരാമര്‍ശത്തില്‍ തനിക്കെന്തോ ഒളിക്കാനുണ്ടെന്ന് ഗവര്‍ണര്‍ അയച്ച കത്തില്‍ പരാമര്‍ശിച്ചതില്‍ മുഖ്യമന്ത്രി കടുത്ത അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ഗവര്‍ണറുടേത് അടിസ്ഥാനരഹിതമായ ആരോപണമാണെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.