ശരീരത്തില്‍ വരുന്ന എല്ലാ മറുകും, കാക്കപ്പുള്ളിയും ഭാഗ്യത്തിന്റെ ലക്ഷണങ്ങളല്ല. ചിലത് ക്യാന്‍സറിന് കാരണമാകുന്ന പുള്ളികളും ആകാം. ഇവ എങ്ങനെ തിരിച്ചറിയാം, എന്തെല്ലാം കാരണങ്ങള്‍ കൊണ്ടാണ് ചര്‍മ്മത്തില്‍ കാന്‍സര്‍ ഉണ്ടാകുന്നത്, എന്ന് നോക്കാം.

മറുക് അല്ലെങ്കില്‍ കാക്കപ്പുള്ളി
നമ്മുടെ ശരീരത്തില്‍ ജനിച്ചപ്പോള്‍ മുതല്‍ ശരീരത്തിന്റെ പലഭാഗത്തും പല പലുവത്തില്‍ മറുകുകളും കാക്കപ്പുള്ളികളും ഉണ്ടായിരുന്നിരിക്കും. ചിലത് വലുതാകും തോറും മാഞ്ഞുപോകുന്നത് കാണാം. എന്നാല്‍, ചിലത്, വലുതാകും. ചിലപ്പോള്‍ പുതിയ മറുകുകളും കാക്കപ്പുള്ളികളും ശരീരത്തില്‍ പ്രത്യക്ഷപ്പെടുന്നതും നിങ്ങള്‍ ശ്രദ്ധിച്ചുകാണാം. പൊതുവില്‍ നമ്മുടെ ശരീരത്തില്‍ കാണപ്പെടുന്ന ഇത്തരം കാക്കപ്പുള്ളികള്‍ പ്രശ്‌നക്കാരല്ലെങ്കിലും ചിലത് പ്രശ്‌നക്കാരാണ്. ഇവരെ എങ്ങനെ തിരിച്ചറിയാം എന്ന് നോക്കാം.

നിറവ്യത്യാസം
കാക്കപ്പുള്ളി മറുക് എന്നിവ നല്ല ഡാര്‍ക്ക് ബ്രൗണ്‍ നിറത്തിലാണ് കാണപ്പെടുക. എന്നാല്‍, ഈ മറുകിന് ഓരോ ദിവസം കഴിയും തോറും നിറ വ്യത്യാസം നിങ്ങള്‍ക്ക് അനുഭവപ്പെടുന്നുണ്ടെങ്കില്‍ കുറച്ച് ശ്രദ്ധിക്കുന്നത് നല്ലതാണ്.

തുടക്കത്തില്‍ കാപ്പി നിറത്തില്‍ കാണും, പിന്നീട് കറുപ്പ് നിറത്തിലാകും. അതും കഴിഞ്ഞ് ഒരു നീല നിറം ഈ മറുകിന്, അല്ലെങ്കില്‍ കാക്കപ്പുള്ളിയ്ക്ക് ചുറ്റിലും പ്രത്യക്ഷപ്പെടും. അതിനുശേഷം ചുവപ്പ്, പിങ്ക് എന്നീ നിറങ്ങളിലും ഈ മറുകുകള്‍ മാറുന്നുണ്ടെങ്കില്‍ ഇത് കാന്‍സറിന് കാരണമാകുന്ന മറുകുകളാകാന്‍ സാധ്യത വളരെ കൂടുതലാണ്.

പ്രതലം
തുടക്കത്തില്‍ നല്ല സോഫ്റ്റ് പ്രതലത്തിലായിരിക്കും ഇത്തരം കാക്കപ്പുള്ളികള്‍ കാണുക. എന്നാല്‍, പിന്നീട് പ്രതലത്തില്‍ വ്യത്യാസങ്ങള്‍ വരുന്നത് നിങ്ങള്‍ക്ക് തന്നെ അനുഭവിക്കാന്‍ സാധിക്കും. കാക്കപ്പുള്ളിയ്ക്ക് ചുറ്റിലും ചുളിവുകള്‍ വരുന്നതും, അതുപോലെ, കാക്കപ്പുള്ളി തൊടുമ്പോള്‍ മുഴച്ചിരിക്കുന്നതായി നിങ്ങള്‍ക്ക് അനുഭവപ്പെടുന്നുണ്ടെങ്കില്‍ ശ്രദ്ധിക്കണം.

വലിപ്പം
കാന്‍സറിന് കാരണമാകുന്ന മറുകുകളാണെങ്കില്‍ വലിപ്പത്തിലും വ്യത്യാസങ്ങള്‍ നിങ്ങള്‍ക്ക് കാണാന്‍ സാധിക്കുന്നതാണ്. തുടക്കത്തില്‍ ചെറിയ വലുപ്പത്തില്‍ ഉണ്ടായിരുന്ന കാക്കപ്പുള്ളി വലുതാകുന്നുണ്ടെങ്കില്‍ ഒരു ഡോക്ടറെ കാണിക്കാന്‍ മറക്കരുത്.

സ്‌കിന്‍ കാന്‍സറിന് കാരണങ്ങള്‍
അമിതമായി അള്‍ട്രാവയലറ്റ് രശ്മികള്‍ നമ്മുടെ ചര്‍മ്മത്തില്‍ പതിക്കുന്നത് ചര്‍മ്മത്തില്‍ കാന്‍സര്‍ ഉണ്ടാകുന്നതിന് കാരണമാണ്. അള്‍ട്രാവയലറ്റ് രശ്മികള്‍ മൂലം ചര്‍മ്മ കോശങ്ങളിലുണ്ടാകുന്ന കേടുപാടുകളാണ് സ്‌കിന്‍ കാന്‍സറിന് പ്രധാന കാരണം.

ഡോക്ടറെ കാണേണ്ടത് 
ശരീരത്തിലെ മറുകിന് അല്ലെങ്കില്‍ കാക്കപ്പുള്ളിയ്ക്ക് നിറവ്യത്യാസം ശ്രദ്ധയില്‍ പെട്ടാല്‍ ഒരു ഡോക്ടറെ കാണിക്കാവുന്നതാണ്. അതുപോലെ, അമിതമായിട്ടുള്ള വേദന, വലിപ്പ വ്യത്യാസം എന്നിവയെല്ലാം ശ്രദ്ധയില്‍പെട്ടാല്‍ ഡോക്ടറെ ഉടനെ കാണിക്കുക. കൃത്യമായ ചികിത്സ ഉറപ്പാക്കാന്‍ മറക്കരുത്.