തൊഴിൽ പരസ്യങ്ങൾ കാണാറില്ലേ. ഫ്രഷേഴ്സിനെ ക്ഷണിക്കുന്നു, ഇത്ര വർഷം പ്രവൃത്തിപരിചയമുള്ളവരെ ക്ഷണിക്കുന്നു എന്നൊക്കെയാവും കമ്പനികൾ / സ്ഥാപനങ്ങൾ മുന്നോട്ടുവെയ്ക്കുന്ന നിബന്ധനകൾ. ഓരോ ജോലിയുടെയും തസ്തികയുടെയും സ്വഭാവമനുസരിച്ചായിരിക്കും നിബന്ധനകൾ വെയ്ക്കുക. മികവാർന്ന ജീവനക്കാരെ ലഭിക്കുന്നതിനുവേണ്ടിയാണ് കമ്പനികൾ പ്രവൃത്തിപരിചയമുള്ളവരെ ക്ഷണിക്കുന്നത്.

എന്നാൽ വിചിത്രമായ നിബന്ധന മുന്നോട്ടുവെച്ച് നിയമനം നടത്തി വിജയിച്ച സംഭവം വിവരിക്കുകയാണ് ഗോസ്റ്റ്റൈറ്റിങ് ഏജൻസി കമ്പനി ഉടമ തസ്ലീം അഹ്മദ് ഫത്തേഹ്. കമ്പനിയുടെ സി.ഇ.ഒ. പോസ്റ്റിലേക്കായിരുന്നു നിയമനം. ആ വ്യക്തിയാണ് സ്ഥാപനത്തിന് ഏറ്റവും കൂടുതൽ ലാഭമുണ്ടാക്കി കൊടുത്തതെന്നും കമ്പനിയുടമ വ്യക്തമാക്കുന്നു. 

‘എന്റെ ഏറ്റവും വിജയകരമായ ജോലി നിയമനത്തിന് പൂജ്യം എക്സ്പീരിയൻസാണ് ഉണ്ടായിരുന്നതെന്ന് ലിങ്ക്ഡ് ഇന്നിൽ പോസ്റ്റ് പങ്കുവെച്ചു. ആ പെൺകുട്ടി ഇതുവരെ ഒരു സി.വി. പോലും അയച്ചിട്ടുണ്ടായിരുന്നില്ല. അദ്ദേഹം പോസ്റ്റിൽ കുറിച്ചു. സി.വി. അയക്കുന്നതിന് പകരമായി എന്തുകൊണ്ട് തന്നെ ജോലിക്കെടുക്കണമെന്ന വീഡിയോ ആപ്ലിക്കേഷൻ ഉണ്ടാക്കി അത് ലിങ്ക്ഡ് ഇന്നിൽ പങ്കുവെച്ചു.

എണ്ണൂറിലധികം അപേക്ഷകരിൽനിന്ന് ഞാൻ പെൺകുട്ടിയെ തിരഞ്ഞെടുത്തു. ആറുമാസങ്ങൾക്കിപ്പുറം, അദ്ദേഹം ഇപ്പോൾ കമ്പനിയിൽ എന്നോടൊപ്പം തുല്യപങ്കാളിയാണ്. ‘എന്റെ എല്ലാ ഏജൻസി പ്രവർത്തനങ്ങളും മുന്നോട്ടുകൊണ്ടുപോവുന്നത് ആ പെൺകുട്ടിയാണ്. അവർ ജോലിയിൽ പ്രവേശിച്ചതോടെ ക്ലയന്റ്സ് വ്യൂവേഴ്സിന്റെ എണ്ണം കഴിഞ്ഞമാസം 30 മില്യണായി (ഓരോ ദിവസവും ഓരോ മില്യൺ)- സി.ഇ.ഒ.യുടെ നേട്ടങ്ങൾ എണ്ണിക്കൊണ്ട് തസ്ലീം പറഞ്ഞു.

ഒരുതരി പ്രവൃത്തിപരിചയവുമില്ലാത്ത, ഇതുവരെ ഒരുവട്ടംപോലും ഏതെങ്കിലും ജോലിക്കായി സി.വി. അയക്കാത്ത ലൈബ എന്ന പെൺകുട്ടിയെയാണ് ഫത്തേഹ് എണ്ണൂറിലധികം അപേക്ഷകരിൽനിന്ന് തിരഞ്ഞെടുത്തിരുന്നത്. അവളാണ് കമ്പനിയ്ക്ക് വിജയങ്ങളെല്ലാം കൊണ്ടുവന്നത്. തുടർന്ന് ഉദ്യോഗാർഥികളെ തിരഞ്ഞെടുക്കുന്ന കമ്പനി മാനേജർമാർക്ക് മുന്നിൽ അദ്ദേഹം ചില നിർദേശങ്ങളും വെയ്ക്കുന്നു. എല്ലാ ജോലികളുടെയും 99 ശതമാനം കാര്യങ്ങളും പഠിച്ചെടുക്കാനാവുന്നതേയുള്ളൂ. ലൈബ അതിന്റെ ജീവിച്ചിരിക്കുന്ന തെളിവാണ്. മികച്ച റെസ്യൂമെ ഉള്ള വ്യക്തിയായിരിക്കില്ല നിങ്ങളുടെ മികച്ച തൊഴിലാളി. മറിച്ച് പഠിക്കാൻ സന്നദ്ധതയുള്ള വ്യക്തിയായിരിക്കും അത്. ആളുകൾക്ക് ഒരവസരം നൽകൂ എന്നും അദ്ദേഹം പോസ്റ്റിൽ വിശദീകരിച്ചു.