എഡിഎം നവീൻ ബാബു ജീവനൊടുക്കിയ സംഭവത്തില്‍ ഉത്തരവാദിയായ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യ രാജി വയ്ക്കും വരെ സമരം തുടരാൻ പ്രതിപക്ഷ പാർട്ടികള്‍ തീരുമാനിച്ചു.

വരും ദിവസങ്ങളിലും സമരങ്ങളുടെ വേലിയേറ്റം തന്നെയുണ്ടാകുമെന്ന് നേതാക്കള്‍ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. ബക്കളത്തെ പാർത്ഥാസ് കണ്‍വെൻഷൻ സെന്റർ ഉടമപാറയില്‍ സാജൻ ജീവനൊടുക്കിയതിന് സമാനമായ സാഹചര്യമാണ് ഇപ്പോള്‍ കണ്ണൂരില്‍ വീണ്ടും സിപിഎം നേരിടുന്നത്. കണ്ണൂർ എഡിഎം കെ നവീൻ ബാബു ജീവനൊടുക്കിയതിന് പിന്നാലെ കണ്ണൂരില്‍ ചൊവ്വാഴ്ച്ച രാവിലെ മുതല്‍ വിവിധ പാർട്ടികളുടെയും സംഘടനകളുടെയും പ്രതിഷേധമിരമ്ബി.

എഡിഎമ്മിന്റെ ദാരുണമരണത്തിന് ഉത്തരവാദിയായ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യ രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് കോണ്‍ഗ്രസും ബിജെപിയും മുസ്ലിം ലീഗും പോഷക സംഘടനകളായ യൂത്ത് കോണ്‍ഗ്രസ്, കെഎസ്‍യു , യുവമോർച്ച, യൂത്ത് ലീഗ് എന്നിവയും കണ്ണൂരില്‍ പ്രതിഷേധപ്രകടനവും റോഡ് ഉപരോധവും നടത്തിയത്.

ജില്ലാ പഞ്ചായത്ത് കാര്യാലയത്തിന് ഉള്ളിലേക്ക് കയറാൻ ശ്രമിച്ച പ്രവർത്തകരെ പോലീസ് തടഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ കോലം യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ കെട്ടിത്തൂക്കി.