അടുത്ത 30 ദിവസത്തിനുള്ളിൽ ഗാസയിലേക്ക് മാനുഷിക സഹായത്തിൻ്റെ അളവ് വർദ്ധിപ്പിക്കണമെന്ന നിർദേശവുമായി അമേരിക്ക. അല്ലെങ്കിൽ യുഎസ് ആയുധ ധനസഹായം നഷ്‌ടപ്പെടുമെന്നും ഇസ്രായേലിന് ബൈഡൻ ഭരണകൂടം മുന്നറിയിപ്പ് നൽകി.

സ്റ്റേറ്റ് സെക്രട്ടറി ആൻ്റണി ബ്ലിങ്കനും പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിനും ഇസ്രായേലിന് അയച്ച കത്തിലാണ് മാറ്റങ്ങൾ വരുത്തണമെന്ന മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. വടക്കൻ ഗാസയിൽ മോശമായ സാഹചര്യം നിലനിൽക്കുമ്പോഴാണ്  മാനുഷിക സഹായത്തിനും ആയുധ കൈമാറ്റത്തിനുമുള്ള യുഎസ് നയം പുനഃസ്ഥാപിക്കുന്ന കത്ത്. മധ്യ ഗാസയിലെ ഒരു ആശുപത്രി ടെൻ്റ് സൈറ്റിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ കുറഞ്ഞത് നാല് പേർ കൊല്ലപ്പെട്ടുവെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.

ഗാസയിലേക്കുള്ള സഹായത്തിൽ അടുത്തിടെ കുറവുണ്ടായതിനാൽ ബ്ലിങ്കനും ഓസ്റ്റിനും ഇസ്രായേലിന് കത്ത് അയച്ചതായി ഒരു മുതിർന്ന പ്രതിരോധ ഉദ്യോഗസ്ഥൻ ചൊവ്വാഴ്ച പറഞ്ഞു. ഏപ്രിലിൽ ബ്ലിങ്കെൻ അയച്ച സമാനമായ കത്ത് ക്രിയാത്മകമായ പ്രതികരണത്തിന് കാരണമായെന്നും “ഇസ്രായേലികളിൽ നിന്ന് കൃത്യമായ നടപടികൾ” ഉണ്ടായെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു.