ആലപ്പുഴ: കായംകുളത്ത് പുതിയ കെഎസ്ആർടിസി ബസ് സ്റ്റാൻഡ് കെട്ടിടം ഉയരും. 10 കോടി രൂപ ചെലവിട്ട് എല്ലാവിധ സൗകര്യങ്ങളും ഉൾപ്പെടുത്തിയാകും പുതിയ കെട്ടിടം നിർമിക്കുക. പുതിയ കെട്ടിടം നിർമിക്കുന്നതിനായി 60 വർഷം പഴക്കമുള്ള കായംകുളം കെഎസ്ആർടിസി ബസ് സ്റ്റേഷൻ കെട്ടിടം പൊളിച്ചു നീക്കുന്ന പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.

ആദ്യഘട്ടത്തിൽ ബസ് ഡിപ്പോ മാത്രമാണ് പൊളിച്ച് പണിയുന്നത്. 2105000 രൂപയ്ക്കാണ് കെട്ടിടം വിൽപ്പന കരാർ നൽകിയിരിക്കുന്നത്. രാമിൻ ട്രേഡേഴ്സാണ് പഴയ കെട്ടിടം പൊളിക്കുന്ന കരാർ എടുത്തിരിക്കുന്നത്. 45 ദിവസത്തിനുള്ളിൽ കെട്ടിടം പൊളിച്ച് മാറ്റുമെന്ന് കരാറുകാർ അറിയിച്ചു.

പഴയ ജീർണിച്ച കെട്ടിടത്തിന്റെ മേൽക്കൂരയിൽ നിന്ന് കോൺക്രീറ്റ് പാളികൾ അടർന്നു വീണ് നാല് യാത്രികർക്കു പരിക്കേറ്റിരുന്നു. സ്റ്റേഷൻ കെട്ടിടം പൊളിച്ച് മാറ്റി പുതിയത് നിർമിക്കാൻ വൈകുന്നതിൽ പരാതിക്കിടയാക്കിയിരുന്നു. തുടർന്നാണ് സംസ്ഥാന ബജറ്റിൽ നിന്നും എംഎൽഎ യു പ്രതിഭ മുൻകയ്യെടുത്ത് പണം അനുവദിച്ചത്. കെട്ടിട നിർമാണത്തിനായി സംസ്ഥാന ബജറ്റിൽ 10 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്ന് യു പ്രതിഭ എംഎൽഎ പറഞ്ഞു.