രാജസ്ഥാനില്‍ ബിജെപിയാണ് അധികാരത്തിലുള്ളതെങ്കിലും അവിടുത്തെ പ്രബല സമുദായങ്ങളിലൊന്നായ രജപുത്രര്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പ് കാലത്ത് മുന്‍ കേന്ദ്രമന്ത്രി പര്‍ഷോത്തം രൂപാല രജപുത്രരെ കുറിച്ച് പ്രസ്താവന നടത്തിയതുമുതല്‍, ബിജെപിയും രജപുത്ര സമുദായവും തമ്മിലുള്ള ബന്ധം വഷളായിരുന്നു. 

കടുത്ത പീഡനങ്ങള്‍ നേരിടേണ്ടി വന്നിട്ടും, റുഖി സമാജ് (ദലിത് സമുദായം) തങ്ങളുടെ ഹൈന്ദവ വിശ്വാസങ്ങളില്‍ ഉറച്ചുനിന്നെന്നും, ചില രാജാക്കന്മാരും രാജകുടുംബങ്ങളും ബ്രിട്ടീഷുകാരുമായി കുടുംബബന്ധങ്ങള്‍ ഉണ്ടാക്കുകയും മതപരിവര്‍ത്തനം നടത്തുകയും കൊളോണിയല്‍ ഭക്ഷണം പങ്കിടുകയും സഖ്യമുണ്ടാക്കുകയും  ചെയ്തതുപോലെ തങ്ങള്‍ ചെയ്തിട്ടില്ലെന്ന് രൂപാല ആരോപിച്ചിരുന്നു.

സെപ്റ്റംബറിനും ഒക്ടോബറിനും ഇടയില്‍ ദക്ഷിണ, കിഴക്കന്‍ രാജസ്ഥാനില്‍ അടുത്തിടെ നടന്ന മൂന്ന് സംഭവങ്ങള്‍ സംസ്ഥാനത്തുടനീളം വ്യാപകമായ രോഷം ആളിക്കത്തിച്ചു. 2023 സെപ്റ്റംബറില്‍ പാലിയിലാണ് ആദ്യത്തെ സംഭവം നടന്നത്. രജപുത്ര സമുദായത്തില്‍പ്പെട്ട ഒരു കര്‍ഷകന്റെ കൃഷിയിടത്തിന്റെ മതില്‍ ജില്ലാ ഭരണകൂടം അനധികൃതമായി തകര്‍ത്തുവെന്നാരോപിച്ച് 15,000 രജപുത്രര്‍ പ്രതിഷേധ റാലി നടത്തി. പ്രദേശവാസിയായ രജപുത്രനും സീര്‍വി സമുദായത്തില്‍ പെട്ട മറ്റൊരു നാട്ടുകാരനും തമ്മിലുള്ള വഴക്കാണ് ഈ വലിയ പൊട്ടിത്തെറിയില്‍ കലാശിച്ചത്. 

മുന്‍ മന്ത്രി പി.പി ചൗധരിയുടെ നിര്‍ദേശപ്രകാരമാണ് നടപടിയെന്ന് രജപുത്ര സമുദായം ആരോപിച്ചു. പാലിയിലെ പദമ്പുരയിലെ രജപുത്ര കര്‍ഷകന്റെ കൃഷിയിടത്തിന്റെ അതിര്‍ത്തി പൊളിക്കാന്‍ ജില്ലാഭരണകൂടം ബുള്‍ഡോസര്‍ അയച്ച. ശിക്ഷാ നടപടികള്‍ക്കായി ബുള്‍ഡോസര്‍ ഉപയോഗിക്കരുതെന്ന ഹൈക്കോടതി നിര്‍ദേശം മറന്നാണ് അവര്‍ നടപടിയെടുത്തത്.

ഈ സംഭവം സംസ്ഥാനത്തുടനീളമുള്ള രജപുത്രരെ ഒന്നിപ്പിച്ചു. ചൗധരിയുടെ കോലം കത്തിക്കുകയും ജില്ലാ ഭരണകൂടത്തില്‍ സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്തു. ‘ഇത് ഞങ്ങളോടുള്ള കടുത്ത അനീതിയാണ്,  ബുള്‍ഡോസറുകള്‍ ഉപയോഗിക്കുന്നത് രജപുത്ര യശസിന് വലിയ നാണക്കേടാണ്, അതിനാല്‍ ഞങ്ങള്‍ ശക്തമായി പ്രതിഷേധിച്ചു. രജപുത്രര്‍ നീതി ലഭിക്കുന്നതിനായി ഞങ്ങള്‍ കോടതിയെ സമീപിച്ചിരിക്കുകയാണ്, കര്‍ഷക കുടുംബത്തില്‍ നിന്നുള്ള യോഗേന്ദ്ര സിംഗ് പദംപുര പറഞ്ഞു.

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ സമയത്തും ഗുജറാത്തിലും രാജസ്ഥാനിലും വന്‍ പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടിരുന്നു, വൈകാതെ പ്രക്ഷോഭം മധ്യപ്രദേശിലേക്കും ഉത്തര്‍പ്രദേശിലേക്കും പടര്‍ന്നു. രാജ്പുത്/ഠാക്കൂറുകള്‍ ആരംഭിച്ച കലാപം ബി.ജെ.പിക്ക് തെരഞ്ഞെടുപ്പില്‍ വലിയ നഷ്ടം വരുത്തി. ഉത്തര്‍പ്രദേശിലെ പ്രമുഖ ഠാക്കൂര്‍ നേതാവായ ആദിത്യനാഥുമായുള്ള ബന്ധം വഷളായതും രജപുത്രരിലെ വീരന്മാരെ യോദ്ധാക്കളെ മറ്റ് ജാതികളില്‍പ്പെട്ടവരുടെ കൂട്ടത്തില്‍ പെടുത്തിയതും പ്രശ്നം രൂക്ഷമാക്കി. ബിജെപിയിലെ ബ്രാഹ്‌മണ-ബനിയ ലോബി രജപുത്ര നേതാക്കളോട് കാണിക്കുന്ന വിവേചനപരമായ പെരുമാറ്റം അവരുടെ ആത്മാഭിമാനത്തിന് മുറിവേല്‍പ്പിച്ചു.

തന്റെ തെറ്റ് മനസിലാക്കിയ രൂപാല ക്ഷമാപണം നടത്തിയതോടെ  മോദിയോടുള്ള സമുദായത്തിന്റെ വിരോധം കുറഞ്ഞെന്ന് ബിജെപി കരുതി, പക്ഷേ കാര്യങ്ങള്‍ അങ്ങനെയായിരുന്നില്ല. രാജസ്ഥാനില്‍  ബി.ജെ.പി സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്തപ്പോള്‍, സംസ്ഥാനത്തെ രജപുത്രരെ ഭരണത്തില്‍ നിന്ന് കൂടുതല്‍ അകറ്റി നിര്‍ത്തുന്നതായി ആക്ഷേപമുണ്ട്. രജപുത്രരെ കഠിനമായ പാഠം പഠിപ്പിക്കാനായി,  കര്‍ണി സേന തലവന്‍ സുഖ്ദേവ് സിംഗ് ഗോഗമേദിയെ പട്ടാപ്പകല്‍ വീട്ടില്‍വെച്ച് കൊലപ്പെടുത്തിയതോടെയാണ് ഇതിന്റെ തുടക്കം. 

മുന്‍ പ്രതിപക്ഷ നേതാവ് രാജേന്ദ്ര സിംഗ് റാത്തോഡിനെപ്പോലെയുള്ള മുതിര്‍ന്ന രജപുത്ര നേതാക്കളെ ബി.ജെ.പിയില്‍ നിന്ന് പുറത്താക്കിയതും രാഷ്ട്രീയ നേട്ടത്തിനായി ജാട്ടുകളെയും രജപുത്രരെയും തമ്മില്‍ തല്ലിച്ചതും പ്രശ്‌നം രൂക്ഷമാക്കി. ഉദാഹരണത്തിന്, രജപുത്ര നേതാവ് രവീന്ദ്ര ഭട്ടിയെ ബിജെപി കൂടെ നിര്‍ത്തുകയും പിന്നീട് സീറ്റ് നിഷേധിക്കുകയും ചെയ്തു. അങ്ങനെ അദ്ദേഹം സ്വതന്ത്രനായി മത്സരിച്ച് ആറ് ലക്ഷത്തോളം വോട്ടുകള്‍ നേടി. വസുന്ധര രാജെ സര്‍ക്കാരിലെ പല രജപുത്രരെയും പുറത്താക്കി.  വസുന്ധര രാജെയുടെ അമ്മ രാമജന്മഭൂമി പ്രസ്ഥാനത്തിലെ ഒരു പ്രധാന വ്യക്തിയായിരുന്നു, അതുപോലും മറന്നാണ് ബിജെപി ഈ കളികളിച്ചതെന്നാണ് ആരോപണം.

രാജസ്ഥാനില്‍ ബി.ജെ.പിയുടെ പഴയ രജപുത്ര നേതാക്കളെ തകര്‍ത്ത് ഉപമുഖ്യമന്ത്രിയായി ദിയാ കുമാരിയെപ്പോലുള്ള യുവ നേതാക്കളെ  മോദി നിയമിക്കുകയും ചെയ്തു.  പുതിയ നേതാക്കളെ കെട്ടിയിറക്കിയതിലൂടെ വസുന്ധരെ രാജെ ക്യാമ്പിനെയും മറ്റ് രജപുത്ര നേതാക്കളെയും ദുര്‍ബലപ്പെടുത്താമെന്ന് ബിജെപിയിലെ ചിലർ പ്രതീക്ഷിച്ചിരുന്നു, എന്നാല്‍ അത് തിരിച്ചടിയായെന്നാണ് സമീപകാല സംഭവങ്ങള്‍ വെളിപ്പെടുത്തുന്നത്.

രാജസ്ഥാനെ പിടിച്ചുകുലുക്കിയ രണ്ടാമത്തെ പ്രധാന സംഭവത്തെ കുറിച്ച് പറയാം. ബുണ്ടിയിലെ മുന്‍ ഭരണാധികാരിയായിരുന്ന റാവു സൂരജ്മല്‍ ഹദയുടെ 600 വര്‍ഷം പഴക്കമുള്ള ശവകുടീരം അനധികൃതമായി നശിപ്പിച്ചു. ഈ നിര്‍മ്മിതി ഒരു മുന്‍ രാജാവിന്റെ സ്മാരകവും അദ്ദേഹത്തെ ദൈവമായി കണക്കാക്കുന്ന പ്രാദേശിക സമൂഹങ്ങളുടെ ഒരു തീര്‍ത്ഥാടന കേന്ദ്രവുമായിരുന്നു. റവന്യൂ രേഖകളില്‍ ദേവന്റെ ഉടമസ്ഥതയിലുള്ള ഒരു സ്ഥലത്താണ് സ്മാരകം നിലകൊള്ളുന്നത്, എന്നിട്ടും യാതൊരു അറിയിപ്പും നല്‍കാതെ അന്വേഷണം നടത്താതെ ‘ഡല്‍ഹി’യില്‍ നിന്നുള്ള നിര്‍ദ്ദേശപ്രകാരം കോട്ട ഡെവലപ്മെന്റ് അതോറിറ്റി (കെഡിഎ) 22 മണിക്കൂര്‍ കൊണ്ട് കെട്ടിടം പൊളിച്ചുനീക്കിയെന്നാണ് ആരോപണം.

നിര്‍ദിഷ്ട കോട്ട ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളത്തിന്റെ വഴിയിലും എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യക്ക് (എഎഐ) കൈമാറുന്നതിനായി നിര്‍മ്മാണങ്ങള്‍ നടക്കുന്ന ഭൂമിയിലും വീണതിനാല്‍ ശവകുടീരം തകര്‍ത്തു’ എന്ന് കെഡിഎ പറഞ്ഞു. അവര്‍ കേന്ദ്ര ഏജന്‍സിയെ കുറ്റപ്പെടുത്താനാണ് ശ്രമിക്കുന്നത്. സിവില്‍ ഏവിയേഷന്‍ മന്ത്രി കിഞ്ജരാപു രാംമോഹന്‍ നായിഡുവിന് പുറമെ ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ളയ്ക്കും പദ്ധതിയില്‍ പങ്കുണ്ടെന്നും റാവു സൂരജ്മാലിന്റെ പിന്‍ഗാമിയായ ലാദ്പൂരിലെ പ്രാദേശിക ബിജെപി എംഎല്‍എയുമായോ കല്‍പ്പനാ ദേവിയോടോ പോലും ആലോചിച്ചില്ലെന്നും അഭ്യൂഹങ്ങളുണ്ട്.  

കൂടാതെ കോട്ടയിലെ മുന്‍ രാജ്ഞിയോടും ആലോചിച്ചില്ല. പൊളിക്കുന്നതിന് മുമ്പും ശേഷവുമുള്ള ദേവിയുടെ മൗനം സ്വന്തം പൂര്‍വ്വികരോട് മാത്രമല്ല, ഈ പ്രദേശത്തിന്റെ സമ്പന്നമായ പൈതൃകത്തോടും ഉള്ള നിസ്സംഗതയായിരുന്നെന്ന് രജപുത്ര സമുദായങ്ങളുടെ നേതാക്കള്‍ പറയുന്നു. ബജ്‌റംഗ്ദള്‍, വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി) തുടങ്ങിയ പ്രമുഖ ഹിന്ദുത്വ സംഘടനകള്‍ പോലും ഈ ശവകുടീരം തകര്‍ക്കപ്പെടുമ്പോള്‍ മൗനം പാലിച്ചു. 

അതിനിടെ, കര്‍ണി സേനയെപ്പോലുള്ള താഴേത്തട്ടിലുള്ള സംഘടനകള്‍ ശബ്ദമുയര്‍ത്തുകയും  അതേ സ്ഥലത്ത് സ്മാരകം പുനര്‍നിര്‍മ്മിക്കുന്നതിന് ഒക്ടോബര്‍ എട്ടിന് കര്‍സേവയ്ക്ക് ആഹ്വാനവും ചെയ്തു. സ്മാരകത്തിനായി മറ്റൊരു ഭൂമി അനുവദിക്കുന്നതില്‍ ജില്ലാ ഭരണകൂടം ഉറച്ചുനിന്നെങ്കിലും കര്‍ണി സേനയുടെയും ബുന്ദി രാജകുടുംബത്തിലെ ചിലരുടെയും ഇടപെടലിനെ തുടര്‍ന്നാണ് അതൊഴിവാക്കി, ഒക്ടോബര്‍ 4 ന് പുനര്‍നിര്‍മ്മാണത്തിനായി ഭൂമി പൂജ നടത്തി.

സ്മാരകം അതേ സ്ഥലത്തുതന്നെ നിര്‍മിക്കണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു, ഭാവിയില്‍ വിമാനത്താവളം നിര്‍മ്മിക്കുമ്പോള്‍, ധീരനായ യോദ്ധാവും വിശ്വാസ സംരക്ഷകനുമായിരുന്ന റാവു സൂരജ്മലിന്റെ പേരിടണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു, ബുണ്ടി തലവന്‍ വംശവര്‍ദ്ധന്‍ സിംഗ് പറഞ്ഞു. ഈ വിഷയം ബിജെപി സര്‍ക്കാരിനെതിരെ വിവിധ പ്രദേശങ്ങളിലുള്ള രജപുത്രരെ ഒന്നിപ്പിച്ചു. രാജ്സമന്ദില്‍ നിന്നുള്ള ബിജെപിയുടെ സിറ്റിംഗ് എംപി മഹിമ കുമാരി മേവാര്‍ വ്യോമയാന മന്ത്രിക്ക് കത്തെഴുതി.

‘ഞങ്ങളുടെ കുടുംബങ്ങള്‍ ഈ ഭൂമിക്ക് വേണ്ടി പോരാടി രക്തം വാര്‍ന്ന് മരിച്ചവരാണ്. ജനങ്ങളുടെ പ്രശ്നങ്ങള്‍ ഉന്നയിക്കുന്നത് തുടരും. ഈ നടപടി പൊതുവികാരത്തെ വ്രണപ്പെടുത്തി, തിരുത്തല്‍ നടപടികള്‍ വേഗത്തില്‍ സ്വീകരിക്കണം, കാരണം നമ്മുടെ സംസ്‌കാരത്തിന്റെ അന്തസ്സ് അപകടത്തിലാണ്, ‘അവര്‍ കത്തില്‍ പറഞ്ഞു.  രാജസ്ഥാനില്‍ നിന്നുള്ള രജപുത്രര്‍ ജനസംഘത്തിന്റെ കാലം മുതല്‍ കോണ്‍ഗ്രസ് ഇതര സഖ്യത്തിന്റെ ശക്തമായ പിന്തുണക്കാരായിരുന്നു എന്നതും ശ്രദ്ധിക്കേണ്ടതാണ്. സ്വാഭാവികമായും ബിജെപി അണികളെ തീവ്രവും വിശ്വസ്തവുമായി അവര്‍ പിന്തുണച്ചു.

രജപുത്ര സമുദായം, ആവശ്യമായ എല്ലാ മാര്‍ഗങ്ങളും ഉപയോഗിച്ച് ആദ്യം മുതല്‍ രാജസ്ഥാനില്‍ ബിജെപി കെട്ടിപ്പടുത്തു. എന്നാല്‍, മോദി പാര്‍ട്ടിയുടെ നിയന്ത്രണം ഏറ്റെടുത്തതോടെ രജപുത്രര്‍ വംശീയമായി അധിക്ഷേപിക്കപ്പെടുകയും വലിയ തോതില്‍ അവഗണിക്കപ്പെടുകയും ചെയ്യുന്നുവെന്നാണ് ഇവരുടെ ആരോപണം. സംസ്ഥാന ജനസംഖ്യയുടെ ആറ് ശതമാനം മാത്രമേ ഈ കമ്മ്യൂണിറ്റി ഉള്ളെങ്കിലും, മറ്റ് സമുദായങ്ങളില്‍പ്പോലും കാര്യമായ സ്വാധീനം ചെലുത്തുന്നു. സമൂഹത്തിന്റെ പ്രത്യക്ഷമായ അകല്‍ച്ചയ്ക്കെതിരെയുള്ള പ്രതിഷേധങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന നേതാക്കളാണ് ഇവര്‍.  

ഹ്രസ്വകാല നേട്ടങ്ങള്‍ക്കായി രജപുത്രരുടെ  വികാരങ്ങള്‍ക്കെതിരെ കളിക്കാന്‍ മോദി വളരെ മനഃശാസ്ത്രപരമായാണ് നീങ്ങുന്നതെന്ന് ഇവര്‍ വിശ്വസിക്കുന്നു. റാണാ പ്രതാപിന്റെ സൈന്യത്തിലെ രജപുത്ര സേനാനായകന്‍ പൂഞ്ചയെ ഭില്‍ സമുദായക്കാരനാക്കിയതാണ് രജപുത്രരെ ചൊടിപ്പിച്ച മറ്റൊരു സംഭവം. ഭില്ലുകളെ ധ്രുവീകരിക്കാന്‍ പൂഞ്ചയെ ഉപയോഗിച്ചു, രാഷ്ട്രീയ നേട്ടം നേടുന്നതിനായി മധ്യകാല നായകനായ പൂഞ്ചയെ മുഗള്‍ വിരുദ്ധ/മുസ്ലിം പ്രതീകമായി രൂപാന്തരപ്പെടുത്തി. എന്നാലത് തിരിച്ചടിയായി.

രാജഭോജിന്റെ വ്യക്തിത്വത്തെച്ചൊല്ലി രാജെയിലെ ജലവാര്‍ മേഖലയില്‍ ഗുജ്ജറുകളും രജപുത്രരും തമ്മില്‍ ഏറ്റുമുട്ടലുകളുണ്ടായി, ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ രാജാഭോജിനെ ഗുജ്ജറായി പ്രഖ്യാപിച്ചപ്പോഴാണ് സംഘര്‍ഷമുണ്ടായത്. രാഷ്ട്രപതി ദ്രൗപതി മുര്‍മു ഉദയ്പൂരിലെ സിറ്റി പാലസ് സന്ദര്‍ശിച്ച് മേവാറിന്റെ പ്രധാന തലവനായ മഹേന്ദ്ര സിംഗ് മേവാറിനെ അംഗീകരിക്കേണ്ടതില്ലെന്ന് തീരുമാനിച്ചതാണ്  മൂന്നാമത്തെ വിവാദം. രണ്ട് സഹോദരന്മാര്‍ തമ്മിലുള്ള നിയമപരമായ തര്‍ക്കങ്ങള്‍ക്കിടയിലും രാഷ്ട്രപതി ഒരു വിഭാഗത്തേക്കാള്‍ മറ്റൊരു വിഭാഗത്തിനൊപ്പം നില്‍ക്കുന്നതായാണ് പറയുന്നത്.

‘കോടതി ഉത്തരവുകള്‍ നിലനില്‍ക്കുന്ന സമയത്ത് വളരെയധികം മാറിയ ഈ പ്രദേശം സന്ദര്‍ശിക്കാന്‍ രാഷ്ട്രപതി തിരഞ്ഞെടുക്കുന്നത്  ഭരണകൂടത്തിനും പൊതുജനങ്ങള്‍ക്കും തെറ്റായ സന്ദേശം നല്‍കും.  രാഷ്ട്രപതി ഞങ്ങളുടെ തറവാട് സന്ദര്‍ശിക്കുന്നതും ചരിത്രപരമായ പ്രാധാന്യമുള്ള സ്വത്തുക്കള്‍ കാണുന്നതും ഫോട്ടോ എടുക്കുന്നതും അനുയോജ്യമാണെന്ന് കണ്ടെത്തി.  ഇതെല്ലാം കുടുംബത്തലവനോട് ആലോചിക്കാതെ എടുത്ത തീരുമാനമാണ് ‘വിശ്വരാജ് സിംഗ് മേവാര്‍ പറഞ്ഞു. മഹേന്ദ്ര സിംഗ്, നാഥ്ദ്വാരയില്‍ നിന്നുള്ള നിലവിലെ എംഎല്‍എ കൂടിയാണ്.

‘രജപുത്ര സമുദായത്തെ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ ചൂഷണം ചെയ്യുകയും അവഗണിക്കുകയും ചെയ്യുന്നു.  സമൂഹത്തെ ഒരുമിച്ച് നിര്‍ത്തുക എന്നത് നൂറ്റാണ്ടുകളായി നമ്മള്‍ ചെയ്തിട്ടുള്ളതും കാലഘട്ടത്തിന്റെ ആവശ്യവുമായതിനാല്‍ മറ്റ് സമുദായങ്ങളെ ഒഴിവാക്കുകയില്ല- രജപുത്ര സമുദായത്തിനേറ്റ വലിയ തിരിച്ചടിയെക്കുറിച്ച് ചോദിച്ചപ്പോള്‍, സിംഗ് പറഞ്ഞു. ഭാഷാ, ജാതി, പ്രദേശം എന്നീ വ്യത്യാസങ്ങളില്ലാതെ ഹിന്ദുക്കള്‍ ഒന്നിക്കണമെന്ന് വിജയദശമി ദിനത്തില്‍ ആര്‍എസ്എസ് അധ്യക്ഷന്‍ മോഹന്‍ഭാഗവത് പറഞ്ഞത് വെറും പ്രഹസനം മാത്രമാണെന്നാണ് രജപുത്രര്‍ അടക്കമുള്ള ഹിന്ദുസമുദായങ്ങള്‍ നേരിടുന്ന അവഗണന വ്യക്തമാക്കുന്നതെന്ന് രാഷ്ട്രീയ നിരീക്ഷകർ പറയുന്നു.

കടപ്പാട്: ദ വയര്‍