ന്യൂഡല്‍ഹി: രാജ്യത്തെ വിവിധ വിമാനക്കമ്പനികള്‍ക്ക് 12 ദിവസം കൊണ്ട് ലഭിച്ചത് 275 ലധികം വ്യാജ ഭീഷണികള്‍. ഇതില്‍ ഭൂരിഭാഗം ഭീഷണികളും സാമൂഹിക മാധ്യമങ്ങള്‍ വഴിയാണ് ലഭിച്ചത്. കൂടുതലും എക്സ് അക്കൗണ്ടുകളില്‍ നിന്നുള്ളതായിരുന്നു. ഇത്തരത്തില്‍ പത്തിലധികം അക്കൗണ്ടുകളാണ് സസ്പെന്‍ഡ് ചെയ്തത്. ഇ-മെയില്‍ വഴിയും ശുചിമുറിയില്‍ കത്തായും ഭീഷണികള്‍ ലഭിച്ചിരുന്നു.
ഭീഷണിയെ തുടര്‍ന്ന് ഇതുവരെ ഒന്‍പത് ഇന്ത്യന്‍ വിമാന കമ്പനികള്‍ക്കുള്ള നഷ്ടം 1000കോടി രൂപയ്ക്കടുത്താണ്. സര്‍വീസ് തടസപ്പെട്ടാല്‍ ഓരോ വിമാന സര്‍വീസിനും വിവിധ കാരണങ്ങളാല്‍ മൂന്നരക്കോടിയുടെ നഷ്ടം.
അതേസമയം വ്യാജ ബോംബ് ഭീഷണികള്‍ തടയുന്നതിന് എക്സിന്റെ ഭാഗത്തുനിന്നും നടപടികള്‍ സ്വീകരിക്കുന്നില്ലെന്ന് വ്യോമയാന മന്ത്രാലയം വ്യക്തമാക്കി. അക്കൗണ്ടുകളുടെ യൂസര്‍ ഐ.ഡി, ഡൊമെയ്ന്‍ വിവരങ്ങള്‍ പങ്കിടുന്നതില്‍ എക്സ് വീഴ്ച വരുത്തിയതിന് സാമൂഹികമാധ്യമ പ്രതിനിധികളെ കേന്ദ്രം ചോദ്യം ചെയ്തിരുന്നു.
അതേസമയം വ്യാജബോംബ് ഭീഷണികള്‍ തുടര്‍ക്കഥയായതോടെ ഇത്തരം പ്രവര്‍ത്തികളെ ഗുരുതര കുറ്റകൃത്യമാക്കാന്‍ വ്യോമയാന ചട്ടങ്ങളില്‍ ഭേദഗതികള്‍ കൊണ്ടുവരാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം തുടങ്ങി. എഎ.ടി. 79 ചട്ടം പ്രകാരം സാമൂഹിക മാധ്യമങ്ങളില്‍ വിവരങ്ങള്‍ പോസ്റ്റ് ചെയ്താല്‍ അതിന്റെ ഉത്തരവാദിത്വം പ്ലാറ്റ്ഫോമുകള്‍ക്ക് ആയിരിക്കില്ല. പോസ്റ്റ് ചെയ്യുന്ന വ്യക്തിക്കായിരിക്കും.
അതേസമയം കുറ്റകൃത്യം സാമൂഹിക മാധ്യമങ്ങളുടെ തലയില്‍ പഴിചാരി രക്ഷപ്പെടാനാണ് കേന്ദ്ര നീക്കമെന്ന ആരോപണവും ഉയരുന്നുണ്ട്. സാമ്പത്തിക കുറ്റകൃത്യത്തിന്റെ പരിധിയില്‍ ഇത് കൊണ്ടുവരാനാകാത്തതും വീഴ്ചയാണ്. സന്ദേശത്തിന്റെ കൃത്യമായ ഉറവിടങ്ങളും കണ്ടെത്താനായില്ല. ഇതുവരെ രണ്ടുപേരാണ് അറസ്റ്റിലായത്.