ലൈക അറോറയുമായുള്ള ബന്ധത്തെക്കുറിച്ച് ഒടുവിൽ മൗനം വെടിഞ്ഞ് അർജുൻ കപുർ. മുംബൈ ശിവാജി പാർക്കിൽ രാജ് താക്കറെ ആഥിതേയത്വം വഹിച്ച ചടങ്ങിൽ പങ്കെടുക്കവേയാണ് അദ്ദേഹം ആരാധകരോട് സംസാരിച്ചത്. അദ്ദേഹത്തിന്റെ പുതിയ ചിത്രമായ സിംഗം എഗെയ്ൻ എന്ന ചിത്രത്തിന്റെ ടീമും അർജുനോടൊപ്പമുണ്ടായിരുന്നു. അർജുനെ കാണാനെത്തിയ ആരാധകർ മലൈകയുടെ അറോറയുടെ പേര് ആവർത്തിച്ചാവർത്തിച്ചു പറഞ്ഞു. ഇതിനിടയിലാണ് താൻ സിംഗിളാണെന്ന് അർജുൻ തുറന്നു സമ്മതിച്ചത്. ‘റിലാസ്ഡ് ആയിരിക്കൂ…ഞാനിപ്പോൾ സിംഗിളാണ് ‘-അർജുൻ പറഞ്ഞു. ബ്രേക്കപ്പ് വാർത്തയെക്കുറിച്ച് ആദ്യമായാണ് അർജുൻ പരസ്യമായി പ്രതികരിക്കുന്നത്.

ബോളിവുഡിലെ പ്രിയപ്പെട്ട താരജോഡികളായിരുന്നു അർജുൻ കപുറും മലൈക അറോറയും. 2018-ലാണ് ഇരുവരുടേയും പ്രണയം തുടങ്ങിയത്. അഞ്ച് വർഷത്തെ ഡേറ്റിങ്ങിനൊടുവിലാണ് ഇരുവരും വേർപിരിഞ്ഞുവെന്ന റിപ്പോർട്ട് പുറത്തുവന്നത്.

ഇരുവരും ഒരുമിച്ചെടുത്ത തീരുമാനമാണെന്നും പരസ്പര ബഹുമാനത്തോടെയാണ് പിരിയുന്നതെന്നുമെല്ലാം റിപ്പോർട്ടുകൾ വന്നിരുന്നുവെങ്കിലും ഇരുവരും വിഷയത്തിൽ പരസ്യപ്രസ്താവനകളൊന്നും നടത്തിയിരുന്നില്ല.

മാസങ്ങൾക്ക് മുൻപ് അർജുൻ കപുറിന്റെ പിറന്നാളോഘോഷത്തിന് മലൈക അറോറ പങ്കെടുക്കാതിരുന്നതും അർജുൻ കപുറിന് പിറന്നാളാശംസ അറിയിച്ച് മലൈക സാമൂഹികമാധ്യമങ്ങളിൽ പോസ്റ്റ് പങ്കുവെക്കാത്തതും ഇരുവരും തമ്മിലുള്ള പ്രണയബന്ധം അവസാനിക്കുന്നതായുള്ള അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടിയിരുന്നു. ഇത്തരം വാർത്തകൾക്കിടെ ഒരു അഭിമുഖത്തിനിടെ പ്രണയത്തെക്കുറിച്ച് മലൈക സംസാരിക്കുകയുണ്ടായി.

പ്രണയത്തിന്റെ കാര്യത്തിൽ താനൊരു ഹാർഡ്കോർ റൊമാന്റിക് ആണെന്നും ഏതവസ്ഥയിലും യഥാർഥപ്രണയത്തെ കൈവിടാതിരിക്കുമെന്നും കൂട്ടിച്ചേർത്തു. പ്രണയത്തിനുവേണ്ടി ആവുന്നത്ര പോരാടുമെന്നും മലൈക അന്ന് പറഞ്ഞു. അതേസമയം, താൻ യാഥാർഥ്യബോധമുള്ള വ്യക്തിയാണെന്നും അസ്വീകാര്യമായതു സംഭവിക്കുന്നപക്ഷം പ്രണയത്തിൽനിന്ന് പിൻമാറുന്ന കാര്യത്തെ കുറിച്ച് ആലോചിക്കുമെന്നും അവർ വ്യക്തമാക്കിയിരുന്നു.

ആദ്യമായി ഒരു ഫാഷൻ ഷോയ്ക്കിടെയാണ് ഇരുവരും പരിചയപ്പെടുന്നത്. മലൈകയുടെ 45-ാം പിറന്നാൾ ദിവസം ഇരുവരും തങ്ങളുടെ ബന്ധം ഔദ്യോഗികമായി അറിയിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ മാസം മലൈകയുടെ പിതാവ് അനിൽ മേത്തയുടെ മരണശേഷം അർജുൻ അവരെ സന്ദർശിച്ചിരുന്നു.