യുക്രൈയ്നിലെ റഷ്യയുടെ യുദ്ധശ്രമങ്ങളെ സഹായിച്ചുവെന്നാരോപിച്ച് ഒരു ഡസനിലധികം രാജ്യങ്ങളില്‍ നിന്നുള്ള കമ്പനികള്‍ക്കെതിരെ നടപടിയുമായി അമേരിക്ക. ഇന്ത്യയില്‍ നിന്നുള്ള നാല് കമ്പനികള്‍ അടക്കം 400 കമ്പനികള്‍ക്കെതിരെ അമേരിക്ക വിലക്കേര്‍പ്പെടുത്തി. 

റഷ്യക്കെതിരായ ഉപരോധ നിര്‍ദ്ദേശം മറികടന്ന്, യുക്രൈയിനിനെതിരായ യുദ്ധത്തില്‍ റഷ്യയെ സഹായിക്കുന്ന തരത്തില്‍ ഇടപെട്ടുവെന്നാണ് കമ്പനികള്‍ക്കെതിരായ കുറ്റം. 12 ഓളം രാജ്യങ്ങളില്‍ നിന്നുള്ള കമ്പനികള്‍ക്കെതിരെയാണ് അമേരിക്കയുടെ നടപടി. 

2023 മാര്‍ച്ചിനും 2024 മാര്‍ച്ചിനും ഇടയില്‍, റഷ്യ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ക്ക് 700-ലധികം ഷിപ്മെന്റുകള്‍ അയച്ചുവെന്ന് ആരോപിച്ചാണ് ‘അസെന്‍ഡ് ഏവിയേഷന്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡാ’ണ് പ്രസ്താവനയില്‍ വിലക്ക് നടപടി നേരിടുന്ന ഇന്ത്യന്‍ സ്ഥാപനങ്ങളിലൊന്ന്. യുഎസ്സില്‍ നിര്‍മ്മിച്ച എയര്‍ക്രാഫ്റ്റ് ഘടകങ്ങള്‍ അടക്കം ഇവര്‍ റഷ്യയിലേക്ക് കയറ്റി അയച്ചുവെന്നാണ് ആരോപണം. 

സമാനമായ നിലയില്‍ 2023 ജൂണ്‍ മുതല്‍ 2024 ഏപ്രില്‍ വരെ റഷ്യ ആസ്ഥാനമായുള്ള എസ് 7 എഞ്ചിനീയറിംഗ് എല്‍എല്‍സി കമ്പനികള്‍ക്ക് ഏവിയേഷന്‍ ഘടകങ്ങള്‍ പോലുള്ള 300,000 ഡോളറിലധികം മൂല്യമുള്ള പൊതു ആവശ്യ വസ്തുക്കളായ (സിഎച്ച്പിഎല്‍) ഉല്‍പ്പന്നങ്ങള്‍ അയച്ചുകൊടുത്ത ‘മാസ്‌ക് ട്രാന്‍സ്’ എന്ന ഇന്ത്യന്‍ കമ്പനിക്കെതിരെയും നടപടിയുണ്ട്. ‘ടി എസ് എം ഡി ഗ്ലോബല്‍ പ്രൈവറ്റ് ലിമിറ്റഡ്’ എന്ന ഇന്ത്യന്‍ കമ്പനിയും യുദ്ധസാമഗ്രികള്‍ റഷ്യയിലേക്ക് എത്തിച്ച കമ്പനിയാണ്.

മൈക്രോ ഇലക്ട്രോണിക്, പൊതു അവശ്യ വസ്തുക്കള്‍ എന്നിവയാണ് റഷ്യയിലേക്ക് ഈ കമ്പനികള്‍ കയറ്റി അയച്ചത്. ഇന്ത്യയെ കൂടാതെ, യുകെ, ജപ്പാന്‍, ചൈന, മലേഷ്യ, ഖസാക്കിസ്ഥാന്‍, കിര്‍ഗീസ് റിപ്പബ്ലിക്ക്, തുര്‍ക്കി, യുഎഇ എന്നിവിടങ്ങളില്‍ നിന്നുള്ള കമ്പനികള്‍ക്കാണ് വിലക്ക് ഏര്‍പ്പെടുത്തിയത്. റഷ്യക്കെതിരായ കടുത്ത നടപടി തുടരുമെന്ന് വ്യക്തമാക്കിയ അമേരിക്ക, റഷ്യ സഹായിക്കുന്ന എല്ലാ കമ്പനികള്‍ക്കും ഇതിലൂടെ മുന്നറിയിപ്പും നല്‍കുന്നുണ്ട്.