പരിശുദ്ധ യാക്കോബായ സുറിയാനി സഭയുടെ ശ്രേഷ്ഠ കാതോലിക്കാ ബാവ ബസേലിയോസ് തോമസ് പ്രഥമന്‍ തിരുമേനിയുടെ വേര്‍പാട് മലങ്കര സഭയ്ക്ക് മാത്രമല്ല ക്രൈസ്തവ സമൂഹത്തിനാകമാനം വലിയ ഒരു നഷ്ടം തന്നെയാണ്. അചഞ്ചലമായ വിശ്വാസത്തിലും മൂല്യബോധത്തിലും രണ്ടു പതിറ്റാണ്ടണ്‍ിലധികം യാക്കോബായ സഭയെ ലക്ഷ്യ ബോധത്തോടെ നയിക്കുവാന്‍ തിരുമേനിക്ക് സാധിച്ചു. ജീവിത വിശുദ്ധി, ദൈവാശ്രയബോധം, മതാതീതമായ കാഴ്ചപ്പാട് എന്നിവ ശ്രേഷ്ഠ ബാവയെ ഏറെ ജനപ്രീയനാക്കി.
സംഘര്‍ഷ ഭരിതമായ കാലഘട്ടത്തില്‍, പ്രതിസന്ധികളുടെ പാരമ്യത്തില്‍, പോരാട്ടത്തിന്‍റെയും ദൈവാശ്രയത്തിന്‍റെയും വഴിയിലൂടെ സഭാ നൗകയെ സധൈര്യം മുന്നോട്ട് നയിക്കുവാന്‍ തിരുമേനിക്ക് സാധിച്ചു. ധ്യാനവും, പ്രാര്‍ത്ഥനയും, ലാളിത്യവും വിനയവും ജീവിതത്തിന്‍റെ വിജയമായി കരുതിയിരുന്നു. പ്രതിസന്ധികളുടെ മദ്ധ്യത്തില്‍ വിശ്വാസ സമൂഹത്തോടൊപ്പം നിന്ന് അവരെ നയിച്ചു. വിശാല എക്യുമെനിക്കല്‍ മേഖലയിലും സഭൈക്യ പ്രസ്ഥാനങ്ങളിലും നല്ല നേതൃത്വം നല്കുവാന്‍ അഭിവന്ദ്യ തിരുമേനി താല്പര്യപ്പെട്ടിരുന്നു. മാര്‍ത്തോമ്മാ സഭയുമായും സഭാ മേല്പട്ടക്കാരുമായും ഇഴയടുപ്പമുള്ള ബന്ധം അഭിവന്ദ്യ തിരുമേനിക്കുണ്ടായിരുന്നു.
മലങ്കര യാക്കോബായ സുറിയാനി സഭയുടെ ശ്രേഷ്ഠ കാതോലിക്കാ ബാവ ബസേലിയോസ് തോമസ് പ്രഥമന്‍ തിരുമേനിയുടെ ദേഹവിയോഗത്തില്‍ മലങ്കര മാര്‍ത്തോമ്മാ സുറിയാനി സഭയുടെ അഗാധമായ ദു:ഖവും അനുശോചനവും രേഖപ്പെടുത്തുന്നു.