കോഴിക്കോട്: ഓടുന്ന ട്രെയിനിൽനിന്ന് പുറത്തേക്ക് തുടർച്ചയായി കൈവീശി അഭിവാദ്യം ചെയ്യുന്ന കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. മന്ത്രിയെ പരിഹസിച്ചുകൊണ്ട് നിരവധി പേർ വീഡിയോ പങ്കുവെച്ചതോടെയാണ് വീഡിയോ വൈറലായത്. ഒരാളും തിരികെ അഭിവാദ്യം ചെയ്യുന്നില്ലെങ്കിലും മന്ത്രി കൈവീശിക്കാണിക്കുന്നത് വ്യാജമാണെന്നു പറഞ്ഞാണ് പലരും വീഡിയോ പങ്കുവെച്ചത്.
മന്ത്രി തന്നെയാണ് വീഡിയോ എക്സ് ഉൾപ്പെടെയുള്ള സാമൂഹിക മാധ്യമങ്ങളിൽ ആദ്യം പങ്കുവെച്ചത്. എറണാകുളം ജില്ലയിലെ ആലുവ റെയിൽവേ സ്റ്റേഷനിൽ നിന്നുള്ള ദൃശ്യമാണ് വീഡിയോയിലുള്ളത്. എന്നാൽ, ‘ആലുവ- കോഴിക്കോട്, കേരള’ എന്ന അടിക്കുറിപ്പോടെയാണ് അദ്ദേഹം വീഡിയോ എക്സിൽ പങ്കുവെച്ചത്.
എയർ കണ്ടീഷൻ ചെയ്ത ഇൻസ്പെക്ഷൻ ക്യാബിനിലാണ് മന്ത്രി സഞ്ചരിച്ചത്. ട്രെയിനിന്റെ പിന്നിലെ ക്യാബിനിൽനിന്ന് പിറകോട്ടാണ് അശ്വിനി വൈഷ്ണവ് കൈവീശി അഭിവാദ്യം ചെയ്യുന്നത്. എന്നാൽ ഇരുവശങ്ങളിലേയും പ്ലാറ്റ്ഫോമുകളിലുള്ള യാത്രക്കാരിൽ ഒരാൾ പോലും മന്ത്രിയെ പ്രത്യഭിവാദ്യം ചെയ്യുന്നില്ല എന്നാണ് വീഡിയോയിൽ വ്യക്തമാകുന്നത്. ഇത് നേരിൽ കണ്ടിട്ടും മന്ത്രി കൈവീശൽ തുടരുന്നത് എന്തിനാണെന്നു പലരും കമന്റുകളിൽ ചോദിച്ചു.
റെയിൽ മിനിസ്റ്റർ അല്ല, ഇത് റീൽ മിനിസ്റ്ററാണ് എന്നാണ് ഒരാൾ വീഡിയോ പങ്കുവെച്ചുകൊണ്ട് കുറിച്ചത്. കെ.പി.സി.സിയുടെ ഔദ്യോഗിക എക്സ് ഹാൻഡിലും മന്ത്രിയുടെ വീഡിയോയെ പരിഹസിച്ച് രംഗത്തെത്തി. ‘അശ്വിനി വൈഷ്ണവിനെ തിരികെ കൈവീശിക്കാണിച്ചവരുടെ ആകെ എണ്ണം: ഒന്നുപോലും ഞങ്ങൾക്ക് എണ്ണാൻ സാധിച്ചില്ല’ എന്നാണ് കെ.പി.സി.സിയുടെ എക്സ് അക്കൗണ്ട് വീഡിയോയ്ക്കൊപ്പം കുറിച്ചത്. ആം ആദ്മി പാർട്ടിയും മന്ത്രിയുടെ വീഡിയോ ‘റീൽ മന്ത്രി’ എന്ന പരിഹാസത്തോടെ പങ്കുവെച്ചിട്ടുണ്ട്.