ഉണ്ടാക്കാൻ അഞ്ചു മിനിറ്റ് പോലും ആവശ്യമില്ലാത്ത നെല്ലിക്ക അരിഷ്ടം ഉണ്ടാക്കുന്ന വിധമാണ് ഇവിടെ പരിചയപ്പെടുത്തുന്നത്
നെല്ലിക്ക വൈൻ (അരിഷ്ടം)
എളുപ്പമാണെങ്കിലും നെല്ലിക്ക വൈൻ ഉണ്ടാക്കാൻ അൽപം ക്ഷമ കൂടിയേ തീരൂ. ക്ഷമ കൂടും തോറും ഇതിനു രുചി കൂടുമെന്നതാണ്. അനുഭവം.
ആവശ്യമായ സാധനങ്ങൾ
∙നെല്ലിക്ക
∙ശർക്കര (പനച്ചക്കര ഉത്തമം)
∙ഗ്രാംപൂ
തയാറാക്കുന്ന വിധം
ശർക്കര നേർപ്പിച്ച് ചീകിയെടുക്കണം. ചീകിയെടുക്കുന്ന ശർക്കര മൂടിവയ്ക്കാവുന്ന ഒരു ഭരണിയിൽ അൽപം വിതറുക. നന്നായി വിതറിയതിന് ശേഷം കുറച്ചു നെല്ലിക്ക അതിനു മുകളിലിടുക. (നെല്ലിക്ക മുറിച്ചു കുരുകളഞ്ഞിടുന്നതാണ് കൂടുതൽ നല്ലത്) അതിനു മുകളിൽ വീണ്ടും ശർക്കരയിട്ട് മൂടിയ ശേഷം മുകളിൽ നെല്ലിക്ക ഇടുക. ഇതു കഴിയുന്നത്ര ആവർത്തിക്കുക. മുകളിൽ ശർക്കരയിട്ട് അവസാനിപ്പിക്കുന്നതാണ് നല്ലത്. ഇതിലേക്ക് അരക്കിലോ നെല്ലിക്കയ്ക്ക് 10 ഗ്രാംപൂ എന്ന കണക്കിൽ ഗ്രാംപൂ കൂടി ചേർക്കാം.
ഇനി തീരെ വായു കടക്കാത്തവിധം മൂടി വയ്ക്കുക. ഭരണിക്ക് പകരം പ്ലാസ്റ്റിക് കുപ്പി ഉപയോഗി ച്ചാൽ ഭരണിയിലുണ്ടാക്കുന്നതിന്റെ ഫലം കിട്ടുമോയെന്ന് സംശയമാണ്. ഭരണി മൂടി വച്ച ശേഷം നല്ല തുണി ഉപയോഗിച്ച് കാറ്റുകടക്കാത്ത വിധം നന്നായി വരിഞ്ഞു മുറുകി കെട്ടിവയ്ക്കുക. ചുരുങ്ങിയത് 15,20 ദിവസമെങ്കിലും ഇങ്ങനെ സൂക്ഷിച്ചു വയ്ക്കണം. കൂടുതൽ ദിവസം വച്ചാൽ അതിലേറെ നല്ലത്. അതിന് ശേഷം നെല്ലിക്ക ഊറ്റിയെടുത്ത് അരിഷ്ടം അൽപാൽപമായി ഉപയോഗിക്കാം. ഊറ്റിയെടുക്കുന്ന നെല്ലിക്ക കളയമണെന്നില്ല ഇതിനും നല്ല രുചിയാണ്. കൂടുതൽ ദിവസമിരുന്ന നെല്ലിക്കയാണെങ്കിൽ അതിൽ നിന്നു സത്ത മുഴുവനായും ഊർന്നിറങ്ങിയെങ്കിൽ നെല്ലിക്ക പിന്നെ ഉപയോഗി ക്കണമെന്നില്ല.
നെല്ലിക്ക വൈൻ അഥവാ ആരോഗ്യം
∙അയേൺ ഏറെയുള്ള നെല്ലിക്ക ഉപയോഗിച്ചുള്ള അരിഷ്ടം രോഗപ്രതിരോധ ശേഷി വളർത്തും.
∙ആരോഗ്യ സംരക്ഷണത്തിന് സഹായിക്കും.
∙വിശപ്പ് കൂട്ടും.
∙10 വയസ്സിനു മുകളിലുള്ള കുട്ടികൾക്കേ ഈ അരിഷ്ടം നൽകാവൂ.
∙കുട്ടികൾക്ക് അൽപം വെള്ളം ചേർത്ത് നേർപ്പിച്ച് നൽകുന്നതാണ് നല്ലത്.
∙പ്രായമായവർക്കും ഇതു കുറഞ്ഞ അളവിൽ കഴിക്കാം. ഇവരും നേർപ്പിച്ച് കഴിക്കുന്നതാണ് നല്ലത്. (ഒരു സ്പൂൺ അരിഷ്ടം ഇവർക്ക് ധാരാളമാണ്)