കോൺഗ്രസ് വനിതാ നേതാക്കളുൾപ്പെടെ താമസിക്കുന്ന ഹോട്ടലിൽ നടത്തിയ പാതിരാ റെയ്ഡിൽ കേസെടുത്ത് പോലീസ്. കണ്ടാലറിയാവുന്ന 10 പേർക്കെതിരെ കെപിഎം ഹോട്ടലിൻ്റെ പരാതിയിൽ സൗത്ത് പൊലീസ് കേസെടുത്തിട്ടുള്ളത്.
അതിക്രമിച്ച് കയറി നാശനഷ്ടം ഉണ്ടാക്കുകയും ജീവനക്കാരെ മർദ്ദിക്കുകയും ചെയ്തതിനാണ് കേസെടുത്തിരിക്കുന്നത്. ഇന്നലെ രാത്രിയാണ് നേതാക്കൾ താമസിക്കുന്ന ഹോട്ടലിൽ റെയ്ഡ് നടന്നത്. കള്ളപ്പണം കണ്ടെത്താനായിരുന്നു പരിശോധനയെന്ന് പോലീസ് പറയുന്നു. അതേസമയം, കെപിഎം ഹോട്ടലിലെ സിസിടിവി ദൃശ്യം അടങ്ങുന്ന ഹാർഡ് ഡിസ്ക് പോലീസ് പിടിച്ചെടുത്തു.
അതിനിടെ, കോൺഗ്രസ് നേതാക്കൾ ഹോട്ടലിൽ കള്ളപ്പണം കൊണ്ടുവന്നുവെന്ന ആരോപണം ബലപ്പെടുത്താൻ ദൃശ്യങ്ങളുമായി സിപിഎം രംഗത്തെത്തി. കെപിഎം ഹോട്ടലിലെ ഇന്നലത്തെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവിടുകയായിരുന്നു സിപിഎം. നീല ട്രോളി ബാഗുമായി കെഎസ്യു നേതാവ് ഫെനി നടന്നുപോവുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. എംപിമാരായ ഷാഫി പറമ്പിൽ, ശ്രീകണ്ഠൻ, ജ്യോതികുമാർ ചാമക്കാല എന്നിവർ കെപിഎം ഹോട്ടലിലേക്ക് കയറുന്നതുൾപ്പെടെ ദൃശ്യങ്ങളിലുണ്ട്. സിസിടിവി ദൃശ്യങ്ങൾ പുറത്തുവിടുമെന്ന് സിപിഎം നേരത്തെ പറഞ്ഞിരുന്നു.