മേപ്പാടിയിൽ ഉരുൾപൊട്ടൽ ദുരന്ത ബാധിതർക്ക് പുഴുവരിച്ച അരി വിതരണം ചെയ്ത സംഭവത്തിൽ പ്രതികരണവുമായി റവന്യൂ മന്ത്രി കെ.രാജൻ. റവന്യൂ വകുപ്പ് നൽകിയ ഒരു കിറ്റിൽപ്പോലും യാതൊരു കേടുപാടുമില്ല. ഇത് പകൽ പോലെ വ്യക്തമാണ്. ആർക്ക് വീഴ്ചപറ്റിയാലും ഇത് ഗുണകരമായ കാര്യമല്ലെന്നും അദ്ദേഹം പറഞ്ഞു.
ഒക്ടോബർ 30-നും നവംബർ ഒന്നിനും എസ്.ജെ.എം.എസ്. സ്കൂളിൽനിന്ന് സാധനങ്ങൾ വിതരണംചെയ്ത ഏഴ് പഞ്ചായത്തുകളുണ്ടെന്നും അതിൽ ഒരു മുനിസിപ്പാലിറ്റിയും ആറ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമാണുള്ളതെന്നും മന്ത്രി കെ രാജൻ ചൂണ്ടിക്കാട്ടി. ആ ഏഴിടത്ത് ഇവിടെ മാത്രം എങ്ങനെയാണ് പരാതിയുണ്ടാവുകയെന്ന് ചോദിച്ച അദ്ദേഹം ഇത് ജില്ലാ ഭരണകൂടം അവസാനംകൊടുത്ത അരിയല്ലെന്നും വ്യക്തമാക്കി.
“ജില്ലാ ഭരണകൂടം അവസാനംകൊടുത്ത അരി ചാക്കിലാണ്. ഇതിൽ രണ്ടുതരത്തിലുള്ള അരിയല്ലാതെ മൈദയോ റവയോ അനുബന്ധ സാധനങ്ങളോ ഇല്ല. ഈ സാധനങ്ങൾ അവസാനം വിതരണം ചെയ്തത് സെപ്റ്റംബർ ഒമ്പതിനാണ്. ആ കൂട്ടത്തിൽ അരി, വെളിച്ചെണ്ണ, മല്ലിപ്പൊടി, മുളകുപൊടി, മഞ്ഞൾപ്പൊടി, പഞ്ചസാര, ചെറുപയർ, വൻപയർ, കടല, പാൽപ്പൊടി, ചായപ്പൊടി, ഉപ്പ് റവ, മീറ്റ് മസാല, ചിക്കൻ മസാല എന്നിവയും തുണിത്തരങ്ങളും ചില ഗൃഹോപകരണങ്ങളുമുണ്ട്. അതാണിപ്പോൾ വിതരണം ചെയ്തതെങ്കിൽ ഗുരുതരമായ തെറ്റായി. രണ്ടുമാസക്കാലം ഇങ്ങനെ എടുത്തുവെയ്ക്കാൻ ആർക്കും അധികാരമില്ല.