കാനഡയിലെ നഗരമായ ബ്രാംപ്ടനിലെ ഒരു ഹിന്ദു ക്ഷേത്രത്തിന് നേരെയുണ്ടായ ആക്രമണസംഭവത്തില്‍ ക്ഷേത്രത്തിലെ പുരോഹിതനെതിരെ നടപടി. പൂജാരിയായ രാജേന്ദ്ര പ്രസാദിനെ സസ്‌പെന്‍ഡ് ചെയ്തതായി ഹിന്ദു സഭാ ക്ഷേത്രം അറിയിച്ചു. ഖാലിസ്ഥാനി പതാകകളുമായെത്തിയ പ്രതിഷേധക്കാരും അവിടെ സന്നിഹിതരായിരുന്ന ആളുകളും തമ്മില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ ആക്രമണത്തിന് പ്രകോപനമുണ്ടാക്കുന്ന തരത്തില്‍ സംസാരിച്ചുവെന്നാരോപിച്ചാണ് നടപടി.
കഴിഞ്ഞ ഞായറാഴ്ചാണ് ക്ഷേത്രത്തിനുനേരെ ആക്രമണമുണ്ടായത്. ഞായറാഴ്ച നടന്ന സംഭവങ്ങളെ തുടര്‍ന്ന് രാജേന്ദ്ര പ്രസാദിനെതിരെ ക്ഷേത്രം അടിയന്തര നടപടി സ്വീകരിക്കുന്നതായി ഹിന്ദു സഭാ ക്ഷേത്രം പ്രസിഡന്റ് മധുസൂദന്‍ ലാമ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. നവംബര്‍ 3ന് നടന്ന ക്ഷേത്രത്തിനെതിരായ അതിക്രമ വീഡിയോകള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.
നേരത്തെ ഖലിസ്ഥാന്‍ സംഘടനയുടെ പ്രകടനത്തില്‍ കനേഡിയന്‍ പൊലീസിലെ ഒരു ഉദ്യോഗസ്ഥന്‍ പങ്കെടുത്തത് വലിയ വിവാദമായിരുന്നു. പിന്നാലെ ഇയാളെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ക്ഷേത്ര പരിസരത്ത് അതിക്രമിച്ച് കയറിയാണ് ഖലിസ്ഥാന്‍ വാദികള്‍ ആക്രമണം നടത്തിയതെന്നാണ് വിവരം.
ഹിന്ദു മഹാസഭ മന്ദിറിന് മുന്നിലെ ആക്രമണത്തില്‍ കാനഡ ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഹിന്ദുക്കള്‍ ഉള്‍പ്പെടെ എല്ലാ മത വിഭാഗങ്ങള്‍ക്കും അവരുടെ മതാചാരങ്ങള്‍ക്ക് അവകാശമുണ്ടെന്നായിരുന്നു മന്ത്രി അനിത ആനന്ദിന്റെ പ്രതികരണം.