സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാദ്ധ്യത. തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന്റെ മുകളിലായി ചക്രവാത ചുഴി സ്ഥിതി ചെയ്യുന്നതിനാലാണ്. ഇന്ന് ഏഴ് ജില്ലകളി യെല്ലോ അലർട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് ഈ ജില്ലകളിൽ പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. കേരളത്തിൽ അടുത്ത 5 ദിവസം ഇടി മിന്നലോടു കൂടിയ നേരിയ / ഇടത്തരം മഴ ലഭിയ്ക്കുമെന്നാണ് പ്രവചിച്ചിരിക്കുന്നത്.
കഴിഞ്ഞയാഴ്ച വിവിധ ജില്ലകളിൽ മഴ ശക്തമായിരുന്നുവെങ്കിലും ഈ ദിവസങ്ങളിൽ മഴയുടെ ശക്തി കുറഞ്ഞ സാഹചര്യത്തിൽ ഒരു ജില്ലകളിലും ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടില്ല. സംസ്ഥാനത്ത് ഒറ്റപ്പെട്ട തോതിൽ മഴ ലഭിക്കുന്നുണ്ട്.