കണ്ണൂർ എഡിഎമ്മായിരുന്ന നവീൻ ബാബുവിൻ്റെ മരണത്തിൽ(Naveen Babu’s death) സിബിഐ അന്വേഷണം തേടിയുള്ള ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഇന്ന് കേസ് ഡയറി ഹാജരാക്കാനും അന്വേഷണ പുരോഗതി റിപ്പോർട് സമർപ്പിക്കാനും സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഹര്‍ജിയില്‍ സര്‍ക്കാരിനോടും സിബിഐയോടും ഹൈക്കോടതി നിലപാട് തേടിയിരുന്നു. വിശദ വാദം അടുത്ത മാസം ഒമ്പതിന് കേള്‍ക്കും.
കൂടാതെ കേസിലെ അന്വേഷണ ഉദ്യോഗസ്ഥന്‍ സത്യവാങ്മൂലം നല്‍കണമെന്ന് കോടതി നിര്‍ദേശിച്ചിരുന്നു. നവീൻ ബാബുവിന്‍റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഭാര്യ മഞ്ജുഷയുടെ ഹർജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി. ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്‍റെ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.
നവീന്‍ ബാബുവിന്‍റെ ഭാര്യ മഞ്ജുഷയാണ് ഹൈക്കോടതിയിൽ ഹർജി നൽകിയത്. പോലീസ് അന്വേഷണത്തില്‍ തൃപ്തിയില്ലെന്ന് കുടുംബം ഹര്‍ജിയില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. നവീന്‍റെ മരണം കൊലപാതകമാണോയെന്ന സംശയമുണ്ടെന്നതടക്കമുള്ള കാര്യങ്ങൾ ഹർജിയിൽ ആരോപിച്ചിരിക്കുന്നു. എന്നാൽ എഡിഎമ്മിന്റേത് ആത്മഹത്യയല്ലേ എന്നും കൊലപാതകമെന്നു സംശയിക്കാൻ എന്താണ് കാരണമെന്നും കോടതി ചോദിച്ചു.