വാഹനാപകടത്തില്‍പ്പെടുന്നവര്‍ക്ക് ക്യാഷ് ലെസ് ചികിത്സ ഉറപ്പുവരുത്തുന്ന പദ്ധതി രാജ്യത്ത് ഉടന്‍ നടപ്പാക്കുമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. നിലവില്‍ ആറ് സംസ്ഥാനങ്ങളില്‍ നടപ്പിലാക്കിയ പദ്ധതി ഉടന്‍ രാജ്യമൊട്ടാകെ വ്യാപിപ്പിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ലോക്‌സഭയിലെ ചോദ്യോത്തരവേളയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

1.5 ലക്ഷം രൂപയ്ക്കുള്ള ക്യാഷ് ലെസ് ചികിത്സയാണ് ഇതിലൂടെ ഉറപ്പുവരുത്തുന്നത്. റോഡപകടങ്ങള്‍ വര്‍ദ്ധിച്ചു വരുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച കേന്ദ്രമന്ത്രി എല്ലാ ജില്ലകളിലും അപകടങ്ങള്‍ തടയുന്നതിനായി പ്രത്യേക സമിതി രൂപീകരിക്കണമെന്നും എംപിമാരോട് അഭ്യര്‍ത്ഥിച്ചു. ചികിത്സ വൈകുന്നതാണ് 30 ശതമാനം അപകട മരണങ്ങള്‍ക്കും കാരണമെന്നും അദ്ദേഹം വ്യക്തമാക്കി.

രാജ്യത്ത് റോഡ് അപകടങ്ങള്‍ വര്‍ദ്ധിക്കുന്നു എന്ന് സമ്മതിക്കാന്‍ തനിക്ക് മടിയില്ല. മുന്‍പ് റോഡ് അപകടത്തില്‍ നിന്ന് താനും കുടുംബവും രക്ഷപ്പെട്ടത് ദൈവാനുഗ്രഹം കൊണ്ട് മാത്രമാണ്.  മാസങ്ങളോളം  ആശുപത്രിയില്‍ കിടക്കയിലായിരുന്നു ജീവിതമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. പ്രതിവര്‍ഷം ഏകദേശം 1.78 ലക്ഷം ജീവനുകളാണ് റോഡില്‍ പൊലിയുന്നത്. ഇതില്‍ 60 ശതമാനവും 18 നും 34 നും ഇടയില്‍ പ്രായമുള്ളവരാണ്.  മരണങ്ങളില്‍ ഉത്തര്‍പ്രദേശാണ് മുന്നില്‍. മരണസംഖ്യയുടെ 13.7 ശതമാനവും തമിഴ്നാട് (10.6 ശതമാനം), മഹാരാഷ്ട്ര (9 ശതമാനം), മദ്ധ്യപ്രദേശ് എന്നിവടങ്ങളിലാണ്.  ഡല്‍ഹി, ബംഗളൂരു, ജയ്പൂര്‍ തുടങ്ങിയ നഗരങ്ങളിലും ഉയര്‍ന്ന മരണസംഖ്യയാണ്.

അലക്ഷ്യമായ ട്രക്ക് പാര്‍ക്കിംഗും  റോഡ് നിയമങ്ങള്‍ പാലിക്കാനുള്ള വൈമനസ്യവുമാണ് അപകടങ്ങള്‍ക്ക് പ്രധാനമായും കാരണമാകുന്നത്. റോഡ് സുരക്ഷ മെച്ചപ്പെടുത്തുന്നതിന്  പെരുമാറ്റം, സാമൂഹിക മനോഭാവം, നിയമവാഴ്ചയോടുള്ള ബഹുമാനം എന്നിവയില്‍ മാറ്റങ്ങള്‍ വരേണ്ടതുണ്ട്.  അന്താരാഷ്ട്ര കോണ്‍ഫറന്‍സുകളില്‍ പങ്കെടുക്കുമ്പോള്‍, ഇന്ത്യന്‍ റോഡുകളിലെ മരണസംഖ്യ കാരണം തലകുനിക്കേണ്ടി വരുമോ എന്ന് ചിന്തിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.