മോസ്കോ: ലോക ചെസ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ യുവതാരം ഡി. ഗുകേഷ് കിരീടം നേടിയതിനു പിന്നാലെ ഫൈനൽ റൗണ്ടിലെ മത്സരം ഒത്തുകളിയാണെന്ന ആരോപണവുമായി റഷ്യൻ ചെസ് ഫെഡറേഷൻ പ്രസിഡന്റ് ആന്ദ്രേ ഫിലറ്റോവ് രംഗത്തുവന്നു. ചൈനീസ് താരം ഡിങ് ലിറനെ തോൽപ്പിച്ചാണ് ഗുകേഷ് കിരീടം നേടിയത്. അവസാന റൗണ്ടിൽ ലിറലിന്റെ നീക്കങ്ങൾ സംശയാസ്പദമാണെന്നും ഇതേ കുറിച്ച് അന്താരാഷ്ട്ര ചെസ് ഫെഡറേഷൻ (ഫിദെ) അന്വേഷണം നടത്തണമെന്നും ആന്ദ്രേ ഫിലറ്റോവ് ആവശ്യപ്പെട്ടു.
ഫൈനൽ റൗണ്ടിലെ കളിയുടെ ഫലം പ്രൊഫഷണലുകളിലു ചെസ് ആരാധകരിലും അമ്പരപ്പുണ്ടാക്കിയെന്നും ഫിലറ്റോവ് പറയുന്നു. നിർണായക മത്സരത്തിൽ ചൈനീസ് താരത്തിന്റെ നീക്കങ്ങൾ സംശയാസ്പദമാണ്. ഒരു സാധാരണ കളിക്കാരനു പോലും പറ്റാത്ത പിഴവാണ് ഫൈനലിൽ ലിറലിന് പറ്റിയത്. ലിറലിന്റെ തോൽവി ഒരുപാട് ചോദ്യങ്ങൾ ഉയർത്തുന്നു. അദ്ദേഹം ബോധപൂർവം തോറ്റതായാണ് തോന്നുന്നത്. അതുകൊണ്ട് ഈ മത്സരത്തെക്കുറിച്ച് സമഗ്രമായി അന്വേഷിക്കണമെന്ന് ഫിലാറ്റോവ് ഫിഡെയോട് ആവശ്യപ്പെട്ടു.
സിംഗപൂരിൽ നടന്ന ലോക ചാമ്പ്യൻഷിപ്പിന്റെ ഫൈനലിലെ 14ാം റൗണ്ടിലാണ് ഡിങ് ലിറലിനെ കീഴടക്കി ഗുകേഷ് ചാമ്പ്യനായത്. ഏറ്റവും പ്രായം കുറച്ച ലോക ചാമ്പ്യൻ എന്ന റെക്കോർഡും ഗുകേഷ് സ്വന്തമാക്കി. വിശ്വനാഥൻ ആനന്ദിനു ശേഷം ലോക കിരീടം നേടുന്ന ആദ്യ ഇന്ത്യക്കാരനാണ് ഗുകേഷ്.