ഡോംഗ്രി മേഖലയില്‍ അഞ്ച് നില കെട്ടിടത്തിന്റെ ഒരു ഭാഗം പൊടുന്നനെ തകര്‍ന്നുവീണു. വ്യാഴാഴ്ച രാത്രി ഏറെ വൈകിയും വെള്ളിയാഴ്ച പുലര്‍ച്ചെയുമായാണ് സംഭവം. ഇതുവരെ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു. കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്ന ജോലികള്‍ പുരോഗമിക്കുന്നു.
അഗ്നിശമന സേനയുടെ അഞ്ച് വാഹനങ്ങളും പോലീസ് ഉദ്യോഗസ്ഥ സംഘവും സ്ഥലത്തെത്തി തിരച്ചിലും രക്ഷാപ്രവര്‍ത്തനവും നടത്തിയതായി ഒരു ഉദ്യോഗസ്ഥന് പറഞ്ഞു. കെട്ടിടത്തിന്റെ പേര് നൂര്‍ വില്ലയാണെന്നും അത് ജീര്ണാവസ്ഥയിലായിരുന്നെന്നും കെട്ടിടം തകര്‍ന്നതിനെ കുറിച്ച് സംസാരിച്ച കോണ്‍ഗ്രസ് എംഎല്‍എ അമിന്‍ അലി പറഞ്ഞു.
‘ഇത് നൂര്‍ വില്ല എന്ന കെട്ടിടമാണ്. ധാരാളം വിള്ളലുകള്‍ ഉണ്ടായിരുന്നു. അറ്റകുറ്റപ്പണികള്‍ക്കായി ഫണ്ട് ക്രമീകരിക്കുന്നുണ്ട്. ഇതിനിടെയാണ് കെട്ടിടത്തിന്റെ ഒരു ഭാഗം തകര്‍ന്നത്. അഗ്നിശമന സേനയും പോലീസും പറയുന്നതനുസരിച്ച് ആളപായമില്ല. ബിഎംസി പോലീസും അഗ്നിശമന സേനയും അവശിഷ്ടങ്ങള്‍ നീക്കം ചെയ്യാനുള്ള ശ്രമത്തിലാണെന്ന് അമിന്‍ അലി പറഞ്ഞു.
കെട്ടിടം തകര്‍ന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളില്‍ പ്രത്യക്ഷപ്പെട്ടു. സംഭവസ്ഥലത്ത് വന്‍തോതില്‍ ആളുകള്‍ തടിച്ചുകൂടിയതും കാണാം.