ധരിക്കുന്ന വസ്ത്രത്തിന്‍റെ അടിസ്ഥാനത്തില്‍ സ്ത്രീകളെ വിലയിരുത്തരുതെന്ന് ഹൈക്കോടതി. വസ്ത്രധാരണത്തിന്‍റെ പേരില്‍ കുട്ടികളുടെ കസ്റ്റഡി നിഷേധിച്ച മാവേലിക്കര കുടുംബ കോടതിയുടെ ഉത്തരവിനെതിരായ അപ്പീല്‍ പരിഗണിച്ചാണ് ഹൈക്കോടതിയുടെ പരാമര്‍ശം. വിവാഹമോചനം ആഘോഷിച്ച യുവതിയെ കുറ്റപ്പെടുത്തിയ കുടുംബക്കോടതി നടപടിയെയും ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചു.

ഏത് വസ്ത്രമാണ് ധരിക്കേണ്ടതെന്നത് സ്ത്രീയുടെ സ്വാതന്ത്ര്യമാണ്. അതിന്‍റെ പേരില്‍ കോടതി തന്നെ സദാചാര ഗുണ്ടയാവരുതെന്ന് വ്യക്തമാക്കി ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനും, ജസ്റ്റിന് എംബി സ്നേഹലതയുമടങ്ങുന്ന ബെഞ്ചാണ് ഉത്തരവിറക്കിയത്. ഈ വര്‍ഷം ആദ്യം പരസ്പര സമ്മതത്തോടെ വിവാഹ മോചനം നേടിയ മാവേലിക്കരക്കാരിയായ രണ്ട് കുട്ടികളുടെ അമ്മയായിരുന്നു ഹര്‍ജിക്കാരി. തന്‍റെ ശരീരം കാണുന്ന തരത്തിലുള്ള വസ്ത്രങ്ങള്‍ ധരിച്ചുവെന്നും ഡേറ്റിംഗ് ആപ്പില്‍ ചിത്രങ്ങള്‍ അപ്പ് ലോഡ് ചെയ്തു, പുരുഷ സുഹൃത്തുക്കള്‍ക്കൊപ്പം ചെലവഴിച്ചു തുടങ്ങി കാര്യങ്ങള്‍ പരാമര്‍ശിച്ചാണ് തനിക്ക് കുട്ടികളുടെ കസ്റ്റഡി നിഷേധിച്ചതെന്നാണ് യുവതിയുടെ പരാതി.