വത്തിക്കാനിലെ പോൾ ആറാമൻ ശാലയിൽ പാപ്പായുടെ ഭവനത്തിന്റെ ധ്യാനപ്രസംഗകനായ ഫാദർ റോബെർത്തോ പസോളിനി ആഗമനകാലത്തെ രണ്ടാമത്തെ പ്രഭാഷണം നടത്തി. ‘വിശ്വാസത്തിന്റെ വാതിൽ’ എന്നതായിരുന്നു ധ്യാനചിന്തകളുടെ പ്രധാന വിഷയം. പരീക്ഷണങ്ങളിൽ പോലും പ്രത്യാശ നിലനിർത്തുന്ന വിശ്വാസം, സ്വാർത്ഥതയ്ക്കുള്ള മറുമരുന്നാണെന്നും, ഈ വിശ്വാസത്തിന്റെ ഉദാത്തമായ മാതൃകയാണ് യൗസേപ്പിതാവിന്റെ ജീവിതത്തിൽ കാണുവാൻ സാധിക്കുന്നതെന്നും ഫാ. റോബെർത്തോ അടിവരയിട്ടുപറഞ്ഞു. സ്വാർത്ഥത ഏറെ പ്രകടമാകുന്ന ഒരു സമൂഹത്തിൽ, ഭയം പിടിമുറുക്കുന്ന നിമിഷങ്ങളിൽ  വിശ്വാസത്തെ കുറിച്ച് സംസാരിക്കുന്നത് ഉചിതമാണോ? എന്ന അടിസ്ഥാന ചോദ്യം ചോദിച്ചുകൊണ്ടാണ് ഫാ. റോബെർത്തോ തന്റെ പ്രഭാഷണം ആരംഭിച്ചത്.

വിശ്വാസം നിഷ്കളങ്കമായ ശുഭാപ്തിവിശ്വാസമല്ല, മറിച്ച് യാഥാർത്ഥ്യത്തെക്കുറിച്ചുള്ള അഗാധമായ കാഴ്ചപ്പാടിൽ നിന്ന് ഉയർന്നുവരുന്ന ധീരമായ തിരഞ്ഞെടുപ്പാണെന്നും, ഇത് പ്രയാസകരമായ നിമിഷങ്ങളിൽ പോലും പ്രത്യാശ നിലനിർത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഉദാഹരണങ്ങളായി വിശുദ്ധ ഗ്രന്ഥത്തിലെ വിവിധ വ്യക്തിത്വങ്ങളെയും ധ്യാനഗുരു എടുത്തുകാണിച്ചു. ആഹാസ് രാജാവ്, റോമൻ ശതാധിപൻ, വിശുദ്ധ യൗസേപ്പിതാവ് എന്നിവരായിരുന്നു ആ മഹദ്‌വ്യക്തിത്വങ്ങൾ.

നാം വിശ്വാസയോഗ്യരല്ലെന്ന് കാണിക്കുമ്പോഴും ദൈവം നമ്മോട് അടുത്തുനിൽക്കുന്നുവെന്നും, അവൻ നമ്മിൽ വയ്ക്കുന്ന വിശ്വാസം ലളിതമായ ശുഭാപ്തിവിശ്വാസത്തിന് അതീതമാണെന്നും ഫാ. റോബെർത്തോ വിശദീകരിച്ചു. ഈ വിശ്വാസത്തോടെയുള്ള ദൈവത്തിന്റെ നോട്ടമാണ്  നമ്മെ സ്വതന്ത്രരാകുന്നതെന്നും അദ്ദേഹം പ്രസ്താവിച്ചു. ഈ സ്വാതന്ത്ര്യത്തെ മാനിക്കുന്നവനാണ് ദൈവമെന്നും, എന്നാൽ ഈ സ്വാതന്ത്ര്യത്തെ ദൈവവുമായുള്ള കൂട്ടായ്മയിലേക്ക് നയിക്കണമെന്നും അദ്ദേഹം പങ്കുവച്ചു.

തന്റെ സേവകനുവേണ്ടി വിശ്വാസത്തോടെ യേശുവിനെ സമീപിക്കുന്ന റോമൻ ശതാധിപൻ, മറ്റുള്ളവരുടെ ജീവിതത്തിലും ആവശ്യങ്ങളിലും ശ്രദ്ധാലുക്കളായി നാം മാറേണ്ടതിന്റെ ആവശ്യകത എടുത്തുകാണിക്കുന്നു. തന്റെ അയോഗ്യത ഏറ്റുപറയുന്ന ശതാധിപന്റെ വാക്കുകൾ കർത്താവായ യേശുവിലും അവൻ ദൈവത്തിൽ നിന്നുള്ള രക്ഷയുടെ നിർണായക വചനമായിരിക്കുന്നതിലും വലിയ വിശ്വാസമാണ് പ്രകടിപ്പിക്കുന്നതെന്നു ഫാ. റോബെർത്തോ പ്രത്യേകം പറഞ്ഞു.  വിശ്വാസികളായിരിക്കുക എന്നതിനർത്ഥം നമ്മുടെ മനുഷ്യത്വവും സ്നേഹവും വികസിപ്പിക്കുകയും വർദ്ധിപ്പിക്കുകയും ചെയ്യുക എന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പരിശുദ്ധ മറിയത്തിനു പരിപൂർണ്ണ പിന്തുണ നൽകി അവളെ കൂടെ നിർത്തി സംരക്ഷിച്ച വിശുദ്ധ യൗസേപ്പിതാവ് “ധീരനായ നായകൻ്റെ” ഒരു ഉദാഹരണമാണെന്ന് ഫാ. റോബെർത്തോ പറഞ്ഞു. യാഥാർത്ഥ്യത്തെ സ്വാഗതം ചെയ്യാനുള്ള വിശുദ്ധ യൗസേപ്പിതാവിൻ്റെ സന്നദ്ധത ശുദ്ധതയല്ലാതെ മറ്റൊന്നുമല്ലെന്നും, അത്  സ്വാർത്ഥതയിൽ നിന്നുമുള്ള വേർപിരിയലാണെന്നും അദ്ദേഹം അടിവരയിട്ടു. മറ്റുള്ളവർക്ക് നമുക്ക് ചുറ്റുമുള്ള നന്മകൾ കാണാനും, യാഥാർത്ഥ്യത്തെ ഉൾക്കൊള്ളാനും തത്ഫലമായി സന്തോഷത്തിന്റെ ഇടം രൂപപ്പെടുത്തുവാനും വിശ്വാസം ഏറെ ആവശ്യമാണെന്നും ഫാ. റോബെർത്തോ ചൂണ്ടിക്കാട്ടി.