അഹമ്മദാബാദ്: പ്രണയിക്കുന്ന തന്റെ അർധസഹോദരനോടൊപ്പം ജീവിക്കാൻ വേണ്ടി വിവാഹം കഴിഞ്ഞ് നാലാം നാൾ ഭർത്താവിനെ കൊന്ന് ഭാര്യ. ഗുജറാത്തിലെ ഗാന്ധി നഗറിലാണ് ഇരുകുടുംബങ്ങളെയും നടുക്കിയ കൊലപാതകം ഉണ്ടായത്. 

അഹമ്മദാബാദ് സ്വദേശിയായ ഭവിക് എന്ന യുവാവാണ് കൊല്ലപ്പെട്ടത്. ഭാര്യ പായലിനെ പൊലീസ് അറസ്റ്റ് ചെയ്തു. വിവാഹത്തിന് മുൻപുതന്നെ പായൽ തന്റെ അർധസഹോദരനുമായി പ്രണയത്തിലായിരുന്നു. എന്നാൽ ഇത് മറച്ചുവെച്ച് ഭവികിനെ വിവാഹം ചെയ്യുകയായിരുന്നു. 

വിവാഹത്തിന് ശേഷവും തന്റെ പ്രണയം തുടരാൻ പായൽ തീരുമാനിച്ചതോടെ, ഭർത്താവിനെ കൊല്ലാൻ തീരുമാനിക്കുകയായിരുന്നു. 

ഇതിനായി മൂന്ന് പേരടങ്ങുന്ന സംഘത്തെ ചുമതലപ്പെടുത്തുകയും ചെയ്തു. പദ്ധതി പ്രകാരം ഭാര്യവീട്ടിൽ നിന്നും പായലിനെ വിളിക്കാനായി ചെന്ന ഭവികിനെ സംഘം കാർ തട്ടിക്കൊണ്ടുപോകുകയും കൊലപ്പെടുത്തുകയും ചെയ്തു. ശേഷം നർമദ കനാലിൽ മൃതദേഹം തള്ളി. 

ഒരുപാട് നേരമായിട്ടും ഭവിക് വരാതിരുന്നതോടെ, പായലിന്റെയും ഭവികിന്റെയും കുടുംബങ്ങൾ ഒരുമിച്ച് തിരച്ചിലിനിറങ്ങുകയായിരുന്നു. ഇതിനിടെ ഭവികിന്റെ ബൈക്ക് റോഡിൽ കിടക്കുന്നത് കുടുംബം കണ്ടെത്തി. സമീപവാസികളോട് അന്വേഷിച്ചപ്പോളാണ് മൂന്ന് പേർ ചേർന്ന് ഒരു വാഹനത്തിൽ ഭവികിനെ തട്ടിക്കൊണ്ടുപോയതായി അറിഞ്ഞത്. ഉടൻ തന്നെ കുടുംബം പൊലീസിൽ പരാതിപ്പെട്ടു.