കോടിക്കണക്കിന് ഇന്ത്യക്കാരുടെ മനസിൽ ഇടം നേടേണ്ട ക്രിക്കറ്റ് താരമായിരുന്നു വിനോദ് കാംബ്ലി. സച്ചിൻ തെണ്ടുൽക്കറോളംതന്നെ പ്രതിഭയുണ്ടായിട്ടും അച്ചടക്കമില്ലാത്ത ജീവിതം കാംബ്ലിയുടെ കരിയറിൽ കരിനിഴൽ വീഴ്ത്തി. 16 വയസുള്ളപ്പോൾ സച്ചിനൊപ്പം ഹാരിസ് ഷീൽഡ് ട്രോഫിയിൽ 664 റൺസ് കൂട്ടുകെട്ടുണ്ടാക്കിയ കാംബ്ലി പരാജയപ്പെട്ട ക്രിക്കറ്റ് താരങ്ങളുടെ പട്ടികയിലാണ് ഇടം പിടിച്ചത്. ക്രിക്കറ്റ് സമ്മാനിച്ച പ്രശസ്തിയിൽ മതിമറന്നുപോയ കാംബ്ലി മദ്യപാനത്തിനും അടിമയായി. മദ്യപിച്ച് വാഹനമോടിച്ചതിന് പോലീസ് അറസ്റ്റ് ചെയ്ത സംഭവം വരെയുണ്ടായി. ഒടുവിൽ ഈ അച്ചടക്കമില്ലാത്ത ജീവിതം കാരണം 2011-ൽ കരിയർ അവസാനിപ്പിക്കേണ്ടിവന്നു.

കരിയർ പോലെത്തന്നെ സ്വകാര്യ ജീവിതത്തിലും കാംബ്ലിക്ക് മോശം അവസ്ഥകളിലൂടെ കടന്നുപോകേണ്ടി വന്നു. പുണെയിലെ ഹോട്ടൽ ബ്ലൂ ഡയമണ്ടിലെ റിസപ്ഷനിസ്റ്റായിരുന്ന നോയല്ല ലൂയിസാണ് കാംബ്ലിയുടെ ആദ്യഭാര്യ. കുറച്ചുകാലത്തെ പ്രണയത്തിനുശേഷം 1998-ൽ ഇരുവരും വിവാഹിതരായി. അന്ന് 26 വയസ്സായിരുന്നു കാംബ്ലിയുടെ പ്രായം. എന്നാൽ ഈ ബന്ധം അധികകാലം മുന്നോട്ടുപോയില്ല. രണ്ട് വർഷത്തിനുള്ളിൽതന്നെ ഇരുവർക്കുമിടയിൽ അസ്വാസര്യങ്ങളുണ്ടായി. കാംബ്ലിയുടെ നിയന്ത്രണമില്ലാത്ത മദ്യപാനം തന്നെയായിരുന്നു അവിടേയും വില്ലൻ. മറ്റ് സ്ത്രീകളുമായി കാംബ്ലിക്ക് അടുപ്പമുണ്ടായിരുന്നെന്നും അതും വിവാഹമോചനത്തിലേക്ക് നയിച്ചെന്നും അന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

2000-ത്തിന്റെ തുടക്കത്തിൽതന്നെ കാംബ്ലി അടുത്ത പ്രണയത്തിൽ വീണു. ഫാഷൻ മോഡലായ ആൻഡ്രിയ ഹ്യൂവിറ്റാണ് താരത്തിന്റെ മനം കവർന്നത്. ആറ് വർഷത്തോളം നീണ്ട പ്രണയത്തിനൊടുവിൽ ഇരുവരും 2006-ൽ രജിസ്ട്രർ വിവാഹം ചെയ്തു. നാല് വർഷത്തിനുശേഷം ജീസസ് എന്നു പേരുള്ള മകൻ ജനിച്ചു. 2014-ൽ മകൾ ജൊഹാനയേയും ഇരുവരും സ്വീകരിച്ചു.

ഇതിനിടയിൽ കുടുംബത്തെ ശ്രദ്ധിക്കാനായി ആൻഡ്രിയ തന്റെ കരിയർ ഉപേക്ഷിച്ചിരുന്നു. ആൻഡ്രയയ്ക്കുവേണ്ടി കാംബ്ലി ക്രിസ്ത്യൻ മതം സ്വീകരിക്കുകയും ചെയ്തു. തുടർന്ന് 2014-ൽ ബാന്ദ്ര ഹിൽ റോഡിലെ സെയ്ന്റ് പീറ്റേഴ്സ് ചർച്ചിൽവെച്ച് ഇരുവരും ക്രിസ്ത്യൻ വിശ്വാസപ്രകാരം വിവാഹിതരാകുകയും ചെയ്തു. അന്ന് മകന് നാല് വയസ്സായിരുന്നു പ്രായം. വിവാഹത്തിനുശേഷം ഇരുവരും മകനെ ചുംബിക്കുന്ന ചിത്രം അന്ന് ആരാധകർക്കിടയിൽ ചർച്ചയായി. മാധ്യമങ്ങളും വലിയ പ്രാധാന്യത്തോടെ അത് പ്രസിദ്ധീകരിച്ചു. 

എന്നാൽ 17 വർഷത്തെ വിവാഹജീവിതത്തിനുശേഷം കാംബ്ലിയുടെ കുടുംബത്തിൽ അസ്വാരസ്യങ്ങളുണ്ടായി. ഗാർഹിക പീഡനത്തിന് ഭർത്താവിനെതിരെ ആൻഡ്രിയ പോലീസിൽ പരാതി നൽകി. 2023 ഫെബ്രുവരിയിലായിരുന്നു അത്. താനും കാംബ്ലിയും തമ്മിൽ വാക്കുതർക്കമുണ്ടാകുകയും അതിനിടയിൽ കാംബ്ലി കുക്കിങ് പാൻ തന്റെ നേർക്ക് വലിച്ചെറിഞ്ഞുവെന്നും പരാതിയിൽ ആൻഡ്രിയ പറയുന്നു. 

അതിനുശേഷം ഇരുവരുടേയും ജീവിതത്തിൽ എന്ത് സംഭവിച്ചു എന്ന കാര്യം വ്യക്തമല്ല. ആൻഡ്രിയ മക്കളേയും കൂട്ടി കാംബ്ലിയുടെ വീട് വിട്ടുപോയെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഒരു യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ കാംബ്ലി കുടുംബത്തെ കുറിച്ച് സംസാരിക്കുന്നുണ്ട്. ഒരു വർഷത്തോളമായി താൻ അസുഖബാധിതനാണെന്നും മൂത്രത്തിൽ പഴുപ്പ് വന്ന് ആശുപത്രിയിലായ തന്നെ പരിചരിച്ചത് ഭാര്യയാണെന്നും അഭിമുഖത്തിൽ കാംബ്ലി പറയുന്നുണ്ട്. 2013-ൽ രണ്ട് തവണ ഹൃദയാഘാതമുണ്ടായപ്പോൾ ഭാര്യയാണ് കൂടെ ധൈര്യം പകർന്നുനിന്നതെന്നും കാംബ്ലി പറയുന്നു. മകനെ ഒരു ക്രിക്കറ്റ് താരമാക്കണം എന്ന ആഗ്രഹവും അദ്ദേഹം പങ്കുവെയ്ക്കുന്നുണ്ട്. കുടുംബം തന്നോടൊപ്പം നിൽക്കുന്ന കാലത്തോളം തനിക്ക് ഒന്നിനേയും പേടിക്കാനില്ലെന്നും കാംബ്ലി കൂട്ടിച്ചേർക്കുന്നു.