തെലുങ്ക് സൂപ്പർതാരം അല്ലു അർജുനെതിരെ സോഷ്യൽ മീഡിയയിൽ രൂക്ഷ വിമർശനം. ജാമ്യം ലഭിച്ച് ജയിലിൽ നിന്ന് പുറത്തിറങ്ങിയതിന് പിന്നാലെ തുടങ്ങിയ ആഘോഷങ്ങളാണ് വിമർശനങ്ങൾക്ക് വഴിവെച്ചത്. നിരവധി താരങ്ങൾ അല്ലുവിനെ വീട്ടിലെത്തി സന്ദർശിച്ചിരുന്നു.
ഇതിൽ നടൻ വിജയ് ദേവരകൊണ്ടയ്ക്കൊപ്പം ചിരിച്ചുല്ലസിക്കുന്ന അല്ലുവിന്റെ ചിത്രവും പുറത്തുവന്നിരുന്നു. റാണ ദഗ്ഗുബതി, സുരേഖ, സുകുമാർ തുടങ്ങി നിരവധി പേരാണ് അല്ലുവിനെ കാണാനെത്തിയത്.
കൂടാതെ അല്ലുവും ഭാര്യയും മക്കളും നടനും അമ്മാവനുമായ ചിരഞ്ജീവിയെ അദ്ദേഹത്തിന്റെ വസതിയിലെത്തി സന്ദർശിച്ചിരുന്നു. ചിരഞ്ജീവിക്കൊപ്പം നിൽക്കുന്ന അല്ലുവിന്റേയും ഭാര്യയുടേയും ചിത്രം സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയും ചെയ്തു. ഇതോടെയാണ് ആരാധകർ വിമർശനവുമായി രംഗത്തെത്തിയത്.
പുഷ്പ-2 പ്രദർശനത്തിനിടെ അല്ലു അർജുൻ തിയേറ്ററിലെത്തിയതിനെ തുടർന്നുണ്ടായ തിക്കിലും തിരക്കിലുംപെട്ട് ഒരു യുവതി മരിച്ചിരുന്നു. ഇവരുടെ മകൻ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിൽ തുടരുകയാണ്. ഇത് ചൂണ്ടിക്കാട്ടിയാണ് ആരാധകരുടെ വിമർശനം.
തിയേറ്ററിലുണ്ടായ അപകടത്തിൽ മരിച്ച രേവതിയുടെ മകൻ ഇപ്പോഴും അത്യാസന്ന നിലയിൽ ആശുപത്രിയിൽ കിടക്കുകയാണെന്നും ആ സമയത്ത് ഇങ്ങനെ ആഘോഷിക്കാൻ എങ്ങനെ തോന്നുന്നുവെന്നും സോഷ്യൽ മീഡിയയിൽ ആളുകൾ ചോദിക്കുന്നു. ഇത്തരം ആഘോഷങ്ങൾ ഒഴിവാക്കാമായിരുന്നെന്നും ഇത് ആത്മപരിശോധനയുടെ സമയമാണെന്ന് അല്ലു മനസിലാക്കണമെന്നും ആളുകൾ കമന്റ് ചെയ്തിട്ടുണ്ട്. തുടർച്ചായി പിന്തുണ വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും അല്ലു അർജുൻ ഇതുവരെ മരിച്ച സ്ത്രീയുടെ വീട് സന്ദർശിച്ചിട്ടില്ലെന്നും ചിലർ ചൂണ്ടിക്കാട്ടുന്നു. ഒരു രാത്രി ജയിലിൽ കഴിഞ്ഞ് മടങ്ങി വന്ന നടനെ യുദ്ധത്തിൽ നിന്ന് മടങ്ങിയെത്തിയ യോദ്ധാവിനെ പോലെയാണ് എല്ലാവരും പരിഗണിക്കുന്നതെന്നും ആളുകൾ കുറിച്ചിട്ടുണ്ട്.
കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയോടെ ഹൈദരാബാദിലെ ജൂബിലി ഹിൽസിലെ വസതിയിലെത്തിയാണ് പോലീസ് അല്ലുവിനെ അറസ്റ്റ് ചെയ്തത്. കേസിൽ നമ്പള്ളി മജിസ്ട്രേറ്റ് കോടതി നടനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്ത് ഉത്തരവിട്ട് മണിക്കൂറുകൾക്കകം തെലങ്കാന ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. എന്നാൽ ഉത്തരവ് വൈകി എത്തിയ പശ്ചാത്തലത്തിൽ അല്ലുവിന് ഒരു രാത്രി ജയിലിൽ കഴിയേണ്ടിയും വന്നു. ശനിയാഴ്ച്ച രാവിലെ ജയിലിൽ നിന്ന് പുറത്തിറങ്ങിയ അല്ലുവിനെ സ്വീകരിക്കാൻ വൻ ആരാധകക്കൂട്ടം കാത്തുനിന്നിരുന്നു. വീട്ടിലേക്കെത്തിയ അല്ലുവിനെ ഏറെ വൈകാരികമായാണ് ഭാര്യയും കുഞ്ഞുങ്ങളും സഹോദരനും സ്വീകരിച്ചത്. ഇതും ക്യാമറക്കണ്ണുകൾ ഒപ്പിയെടുത്തിരുന്നു. ഇതിന്റെ വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലായി.