ഉത്തർപ്രദേശ്: അമേരിക്കയിൽ വെച്ച് മിശ്ര വിവാഹം നടത്തിയ ദമ്പതികൾ ഉത്തർപ്രദേശിലെ അലിഗഡിലുള്ള തങ്ങളുടെ വീട്ടിലെ ഒത്തുചേരൽ പരിപാടിയിൽ പങ്കെടുക്കാനെത്തിയതിൽ ഹിന്ദു സംഘടനകളുടെ പ്രതിഷേധം. ഇതെ തുടർന്ന് ഒത്തുചേരൽ പരിപാടി കുടുംബത്തിന് ഒഴിവാക്കേണ്ടി വന്നു. അമേരിക്കയിൽ നടന്ന വിവാഹത്തിന് ശേഷം ഇരുവരും ആദ്യമായി സ്വന്തം വീട്ടിലേക്ക് മടങ്ങി എത്തുന്നതിനെ തുടർന്നായിരുന്നു കുടുംബം പരിപാടി സംഘടിപ്പിച്ചത്. 

മാർച്ചിലാണ് ഇരുവരും സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം അവരുടെ കുടുംബങ്ങളുടെ സാന്നിധ്യത്തിൽ വിവാഹിതരായത്. സാൻ ഫ്രാൻസിസ്കോയിലെ കോൺസുലേറ്റ് ജനറലിലായിരുന്നു വിവാഹം രജിസ്റ്റർ ചെയ്തത്. ഇതിന് ശേഷം കുടുംബത്തിനൊപ്പമുള്ള ഒത്തുചേരൽ പരിപാടിയുടെ ക്ഷണകത്ത് ലഭിച്ചതിനെ തുടർന്നാണ് പ്രദേശത്തെ ഹിന്ദു സംഘടന ഇത്തരത്തിൽ പ്രതിഷേധവുമായി രം​ഗത്തെത്തിയത്. ഹിന്ദു സംഘടനയായ ബജ്‌റംഗ് ബാലും കർണി സേനയും ബ്രാഹ്മണ മഹാസഭയുമാണ് പ്രതിഷേധവുമായി രം​ഗത്തെത്തിയത്.

ഇരുവരും പ്രായപൂർത്തിയായതിനാൽ വിവാഹത്തിന് എതിരല്ലെന്നാണ് ബജ്‌റംഗ് ബാലിൻ്റെ കോർഡിനേറ്റർ ഗൗരവ് ശർമ്മ പറഞ്ഞത്. എന്നാൽ ഡിസംബർ 21 ന് ആസൂത്രണം ചെയ്ത ഒത്തുചേരലിന് ഗ്രൂപ്പ് എതിരാണെന്ന് ഇവർ പറഞ്ഞു. ഒത്തുചേരൽ പരിപാടി രണ്ട് വ്യത്യസ്ത സമുദായങ്ങളിലെ യുവാക്കളും സ്ത്രീകളും തമ്മിലുള്ള കൂടുതൽ ആശയവിനിമയത്തിലേക്ക് നയിച്ചേക്കാമെന്നും അത്കൊണ്ട് ചടങ്ങ് അനുവദിക്കില്ലെന്നും സംഘടന അറിയിച്ചു. ചടങ്ങിനെതിരെ ഇവർ കളക്ടറേറ്റിലേക്ക് മാർച്ച് നടത്തുകയും ചെയ്തു. ഇതേ തുടർന്നാണ് കുടുംബം ചടങ്ങ് വേണ്ടെന്ന് വെച്ചത്.