സോണിയ ഗാന്ധി, രാഹുൽ, പ്രിയങ്ക എന്നിവരുമായി പതിറ്റാണ്ടുകളായുള്ള ബന്ധം അനുസ്മരിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് മണിശങ്കർ അയ്യർ. തന്റെ രാഷ്ട്രീയ ജീവിതം സൃഷ്ടിച്ചതും നശിപ്പിച്ചതും ഗാന്ധി കുടുംബമാണെന്ന് അയ്യർ മനസു തുറന്നു പറഞ്ഞു. വാർത്താ ഏജൻസിയായ പി.ടി.ഐയോടായിരുന്നു അദ്ദേഹം ഇക്കാര്യങ്ങൾ പറഞ്ഞത്.
പത്ത് വർഷത്തോളമായി മുൻ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ നേരിൽ കാണാൻ തനിക്ക് അവസരം ലഭിച്ചില്ലെന്നും മണിശങ്കർ അയ്യർ പറഞ്ഞു. രാഹുൽ ഗാന്ധിയോടൊപ്പം കാര്യമാത്രപ്രസക്തമായ രീതിയിൽ സമയം ചെലവഴിക്കാൻ ഒരിക്കൽ മാത്രമേ അവസരം ലഭിച്ചിട്ടുള്ളൂ. രണ്ട് തവണയല്ലാതെ പ്രിയങ്കയോടൊപ്പം സമയം ചെലവഴിച്ചിട്ടില്ല. ഫോൺ ചെയ്യുമ്പോഴാണ് സംസാരിക്കാറുള്ളതെന്നും അയ്യർ പറഞ്ഞു.
എന്റെ ജീവിതത്തിലെ വിരോധാഭാസം എന്തെന്നാൽ എന്റെ രാഷ്ട്രീയ ജീവിതം ഗാന്ധിമാരാണ് നിർമ്മിച്ചത്. അവർ തന്നെയാണ് അത് വളർത്താൻ അനുവദിക്കാതിരുന്നതും. ഇതാണ് സംഭവിക്കുന്നതെന്ന് ഞാൻ കരുതുന്നു.ഒരിക്കൽ പ്രിയങ്കാ ഗാന്ധിയെ കാണാനിടയായി.