മസ്ജിദിന് ഉള്ളില്‍ ‘ജയ് ശ്രീറാം’ മുദ്രാവാക്യം മുഴക്കുന്നത് കുറ്റകൃത്യമായി കണക്കാക്കാനാവില്ലെന്ന കര്‍ണാടക ഹൈകോടതി വിധിക്കെതിരെ സമര്‍പ്പിച്ച ഹര്‍ജിയില്‍ സുപ്രീം കോടതി കര്‍ണാടക സര്‍ക്കാരിന്റെ നിലപാട് തേടി. കേസ് പരിഗണിക്കുന്നതിനിടെ, ഒരു പള്ളിയില്‍ ‘ജയ് ശ്രീറാം’ എന്ന് മുദ്രാവാക്യം വിളിക്കുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണോ എന്ന് സുപ്രീം കോടതി ചോദിച്ചു.
മസ്ജിദിന് ഉള്ളില്‍ കയറി ‘ജയ് ശ്രീ റാം’ എന്ന് മുദ്രാവാക്യം മുഴക്കിയെന്ന് ആരോപിക്കപ്പെട്ട രണ്ടുപേര്‍ക്കെതിരായ നടപടി റദ്ദാക്കിയ കര്‍ണാടക ഹൈകോടതി ഉത്തരവിനെതിരെ നല്‍കിയ ഹര്‍ജി കേള്‍ക്കുന്നതിനിടെയാണ് ജസ്റ്റിസുമാരായ പങ്കജ് മിത്തല്‍, സന്ദീപ് മെഹ്ത എന്നിവരുടെ ബെഞ്ച് ഈ നിരീക്ഷണം നടത്തിയത്. ‘അവര്‍ ഒരു പ്രത്യേക മതപരമായ വാക്യമോ പേരോ വിളിച്ചുപറഞ്ഞുവെങ്കില്‍ അത് എങ്ങനെയാണ് കുറ്റകൃത്യമാകുന്നത്?’ ഹര്‍ജി കേള്‍ക്കുന്നതിനിടെ ബെഞ്ച് ചോദിച്ചു.
മറ്റൊരു വ്യക്തിയുടെ ആരാധനാലയത്തില്‍ മതപരമായ മുദ്രാവാക്യം വിളിക്കുന്നത് ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 153 എ വകുപ്പ് പ്രകാരം കുറ്റമാണെന്ന് ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ ദേവദത്ത് കാമത്ത് വാദിച്ചു. മസ്ജിദിന് ഉള്ളില്‍ കയറി മുദ്രാവാക്യം മുഴക്കിയെന്ന് ആരോപിക്കപ്പെട്ട ആളുകളെ തിരിച്ചറിഞ്ഞത് എങ്ങനെയെന്നും സുപ്രീം കോടതി ആരാഞ്ഞു. രണ്ട് പ്രതികളെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്തതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ഉണ്ടെന്ന് കാമത്ത് ചൂണ്ടിക്കാട്ടി.
എന്നാല്‍, അവരെ മസ്ജിദിന് സമീപം കണ്ടാല്‍ അവര്‍ മുദ്രാവാക്യം വിളിച്ചുവെന്നാണോ അര്‍ത്ഥമാക്കുന്നതെന്ന് കോടതി ചോദിച്ചു. അന്വേഷണം നടത്തേണ്ടതും തെളിവുകള്‍ രേഖപ്പെടുത്തേണ്ടതും പൊലീസാണെന്നും കാമത്ത് പറഞ്ഞു. എഫ്‌ഐആര്‍ ഫയല്‍ ചെയ്ത് ഇരുപത് ദിവസത്തിനുള്ളില്‍ അന്വേഷണം പ്രാരംഭഘട്ടത്തിലായിരിക്കെ തന്നെ നടപടി ഹൈകോടതി സ്റ്റേ ചെയ്തുവെന്നും അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. 2025 ജനുവരിയില്‍ വീണ്ടും കേസ് പരിഗണിക്കും.
2023 സെപ്റ്റംബര്‍ മാസത്തില്‍, കര്‍ണാടക ഉത്തരകന്നഡ ജില്ലയിലെ ഐത്തൂര്‍ ഗ്രാമത്തില്‍ സ്ഥിതി ചെയ്യുന്ന ബദ്രിയ ജുമാ മസ്ജിദില്‍ രാത്രി 10.30 ഓടെ രണ്ട് പേര്‍ കടന്ന് ‘ജയ് ശ്രീറാം’ വിളിച്ചുവെന്നാണ് പരാതി. തുടര്‍ന്ന് പ്രതികള്‍ ഇരുചക്രവാഹനത്തില്‍ അവിടെ നിന്ന് രക്ഷപ്പെട്ടു. സംഭവം സിസിടിവിയില്‍ പതിഞ്ഞതിനെ തുടര്‍ന്ന് പൊലീസ് കേസെടുത്ത് 2023 സെപ്റ്റംബര്‍ 25 ന് രണ്ട് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. എന്നാല്‍, കര്‍ണാടക ഹൈകോടതി ഈ കേസ് റദ്ദാക്കി. ഇതിനെതിരെയാണ് സുപ്രീംകോടതിയെ സമീപിച്ചത്.