ന്യൂയോർക്ക്: ആദ്യകാല മലയാളിയും ട്രാവൽ ഏജൻസി ഉടമയുമായ തോമസ് ഇ. മാത്യു ഇലവുങ്കൽ(82) അന്തരിച്ചു. തൊടുപുഴ തലയനാട് സ്വദേശിയായ തോമസ് മാത്യു 1973ലാണ് കുടുംബസമേതം അമേരിക്കയിൽ എത്തുന്നത്.
അതിനുമുൻപ് ഡൽഹിയിൽ ടൈം ഓഫ് ഇന്ത്യയുടെ അസോസിയേറ്റ് എഡിറ്ററായി പ്രവർത്തിച്ചു. സ്വന്തമായി ട്രാവൽ ഏജൻസി ആരംഭിച്ചു ബിസിനസ് രംഗത്ത് കാലുറപ്പിച്ച അദ്ദേഹം, ട്രൈസ്റ്റേറ്റിലെ സാമൂഹിക – സാംസ്കാരിക രംഗങ്ങളിലും സജീവമായിരുന്നു.
ഇന്ത്യ കാത്തോലിക് അസോസിയേഷൻ, സീറോമലബാർ കാത്തോലിക് കോൺഗ്രസ് (എസ്എംസിസി) തുടങ്ങിവയുടെ നേതൃനിരയിൽ പ്രവർത്തിച്ച പരേതൻ, വെസ്റ്റ്ചെസ്റ്റർ മലയാളി അസോസിയേഷന്റെ പ്രസിഡന്റായും സേവനം ചെയ്തിട്ടുണ്ട്.
കൂടാതെ മാധ്യമ പ്രവർത്തകൻ, പ്രാസംഗികൻ തുടങ്ങിയ രംഗങ്ങളിലും സ്വന്തം വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. മലയാള ഭാഷയും സംസ്കാരവും വരും തലമുറയെ പരിചയപ്പെടുത്താൻ മലയാളം സ്കൂൾ ആരംഭിക്കുവാൻ മുൻകൈയെടുക്കുകയും അതിനെ പ്രോത്സാഹിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
പരേതൻ ബ്രോങ്ക്സ് സെന്റ് തോമസ് സീറോമലബാർ കത്തോലിക്ക ഇടവകാംഗമാണ്. ഭാര്യ: ചാലക്കുടി ചക്കാലക്കൽ കുടുംബാംഗം മേരി. മക്കൾ: ലവിൻ, ലിസ, ലിൻസൺ. മരുമക്കൾ: അനീഷ, മോസ്, ആലിയ. ഏഴു കൊച്ചുമക്കളുമുണ്ട്.
സണ്ണി മാത്യു ഇലവുംങ്കൽ (സണ്ണി മാത്യു ട്രാവൽസ്), ലാലി ജോസ് ഞാറക്കുന്നേൽ തുടങ്ങിയവർ പരേതന്റെ സഹോദരമക്കളാണ്.
പൊതുദർശനം വെള്ളിയാഴ്ച വെെകുന്നേരം നാലു മുതൽ എട്ട് വരെ എഡ്വേർഡ്സ് -ഡൗഡിൽ ഫ്യൂണറൽ ഹോം 64 ആഷ്ഫോർഡ് അവന്യൂ, ഡോബ്സ് ഫെറി NY 10522ൽ.
സംസ്കാര ശുശ്രൂഷ ശനിയാഴ്ച ഉച്ചയ്ക്ക് 12ന് ന്യൂറോഷെൽ ഹോളി ഫാമിലി പള്ളി 83 ക്ലോവ് റോഡിൽ.