തെലുങ്ക് സൂപ്പർ സ്റ്റാർ അല്ലു അർജുൻ്റെ അടുത്തിടെ പുറത്തിറങ്ങിയ ചിത്രമായ പുഷ്പ 2: ദ റൂൾ ലോകമെമ്പാടുമായി ബോക്സ് ഓഫീസിൽ 1,500 കോടി കവിയാൻ ഒരുങ്ങുന്നു. ചിത്രം 11 ദിവസം കൊണ്ട് 1400 കോടി കടന്നതായി നിർമ്മാതാക്കൾ പറയുന്നു. ഡിസംബർ 16 തിങ്കളാഴ്‌ച ചിത്രത്തിന് എണ്ണത്തിൽ ഗണ്യമായ കുറവുണ്ടായെങ്കിലും, ആഭ്യന്തര ബോക്‌സ് ഓഫീസിൽ ഏകദേശം 30 കോടി രൂപ നേടി. ചിത്രം തിയേറ്ററുകളിൽ നീണ്ടുനിൽക്കുന്നതിൻ്റെ വലിയ സൂചനയാണിത്.
വൻ പ്രതീക്ഷകൾക്കൊടുവിൽ ഡിസംബർ 5 നാണ് പുഷ്പ 2 തിയേറ്ററുകളിൽ റിലീസ് ചെയ്തത്. സമ്മിശ്ര നിരൂപണങ്ങളാണ് ചിത്രത്തിന് ലഭിച്ചത്. എങ്കിലും തീയറ്ററുകളിൽ അത്യപൂർവമായ നേട്ടമാണ് സിനിമയ്ക്ക് ലഭിക്കുന്നത്. എക്കാലത്തെയും ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ മൂന്നാമത്തെ ഇന്ത്യൻ സിനിമയായി ഇത് മാറി.
ട്രേഡ് എസ്റ്റിമേറ്റ് അനുസരിച്ച്, ഹിന്ദി പതിപ്പ് യഥാർത്ഥ തെലുങ്ക് പതിപ്പിനേക്കാൾ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നു. തിങ്കളാഴ്‌ച, ചിത്രം ഇന്ത്യയിൽ 27.75 കോടി രൂപ നേടി. ഇതിൽ ഹിന്ദി പതിപ്പ് 21 കോടി രൂപ സംഭാവന ചെയ്തു. തെലുങ്ക്, തമിഴ് പതിപ്പുകൾ യഥാക്രമം 5.45 കോടിയും ഒരു കോടിയും നേടി.