മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ജലനിരപ്പ് ഉയർത്തുമെന്ന തമിഴ്നാടിന്‍റെ പ്രസ്താവന എന്ത് അടിസ്ഥാനത്തിലാണെന്ന് മനസിലാവുന്നില്ലെന്ന് ജലവിഭവ ശേഷി വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. നിലവിൽ സുപ്രീം കോടതിയുടെ പരിഗണനയിലുളള കേസിൽ എന്ത് അടിസ്ഥാനത്തിലാണ് തമിഴ്നാട് ജലനിരപ്പ് ഉയർത്തുമെന്ന രീതിയിലുളള പ്രതികരണം നടത്തുന്നതെന്നതിൽ വ്യക്തതയില്ലെന്നും മന്ത്രി വ്യക്തമാക്കി. 

142 അടിയിൽ ജലനിരപ്പ് ക്രമീകരിക്കാനുള്ള സാഹചര്യമാണ് മുല്ലപ്പെരിയാറിൽ നിലവിലുള്ളത്. പാട്ടക്കരാറിന് പുറത്തുള്ള ഒരിഞ്ച് ഭൂമി പോലും വിട്ടുകൊടുക്കില്ലെന്നും അതിനുള്ള ഒരുതരത്തിലുള്ള ആലോചന പോലുമില്ലെന്നും മന്ത്രി. 

അണക്കെട്ടിലെ ജലനിരപ്പ് 152 അടിയാക്കി ഉയർത്തുമെന്നായിരുന്നു തമിഴ്നാട് ഗ്രാമവികസന മന്ത്രി ഐ പെരിയസാമിയുടെ പ്രസ്താവന. ജലസംഭരണം വർധിപ്പിക്കുന്നത് ജനങ്ങളുടെ സ്വപ്നമാണെന്നും നിലവിലെ ഡിഎംകെ സർക്കാർ അത് നിറവേറ്റുമെന്നും പെരിയസാമി മാധ്യമപ്രവർത്തകരോട് പറഞ്ഞു. സംസ്ഥാനത്തിൻ്റെ ഉടമസ്ഥതയിലുള്ള ഒരു ഭൂമിയും വിട്ടുനൽകില്ല, തേനിയിൽ മഴക്കെടുതി മൂലമുണ്ടായ നാശനഷ്ടങ്ങൾ വിലയിരുത്തിയശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.

അണക്കെട്ടിലെ അനുവദനീയ സംഭരണശേഷി 10 വർഷമായി 142 അടിയിൽ തുടരുകയല്ലേ എന്ന മാധ്യമപ്രവർത്തകൻ്റെ ചോദ്യത്തിനാണ് മറുപടി. മുല്ലപ്പെരിയാർ അണക്കെട്ടിൽ അവശ്യ അറ്റകുറ്റപ്പണികൾ നടത്താൻ കേരളം അടുത്തിടെ തമിഴ്‌നാടിന് അനുമതി നൽകിയിരുന്നു. തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ വൈക്കം സന്ദർശനത്തിനിടെ കേരള മുഖ്യമന്ത്രി പിണറായി വിജയനുമായി ഇക്കാര്യം ചർച്ച ചെയ്തതിനെ തുടർന്നാണ് ഉപാധികളോടെ അനുമതി നൽകിയത്.