പുഷ്പ 2 പ്രീമിയറിനിടെ ആരാധിക മരിച്ച സംഭവത്തില്‍ അല്ലു അര്‍‍ജുനെതിരെ നീക്കം ശക്തമാക്കാന്‍ തെലങ്കാന പൊലീസ്. അല്ലുവിന് ജാമ്യം അനുവദിച്ച ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്ത് സുപ്രീംകോടതിയെ സമീപിക്കാനാണ് തെലങ്കാന പൊലീസ് ഒരുങ്ങുന്നത്. 

കഴിഞ്ഞ വെള്ളിയാഴ്ച വൈകീട്ടാണ് അല്ലു അര്‍ജുനെ തെലങ്കാന പൊലീസ് അറസ്റ്റ് ചെയ്തത്. എന്നാല്‍ ശനിയാഴ്ച രാവിലെ തന്നെ തെലങ്കാന ഹൈക്കോടതിയില്‍ നിന്നും ലഭിച്ച ഇടക്കാല ജാമ്യത്തില്‍ പുറത്തിറങ്ങിയിരുന്നു. 50,000 രൂപയുടെ ബോണ്ടിനാണ് അല്ലുവിന് നാലാഴ്ചത്തെ ഇടക്കാല ജാമ്യം നല്‍കിയത്.  

അതേ സമയം അന്ന് പുഷ്പ 2  പ്രീമിയറിനിടെ പരിക്കേറ്റ കുട്ടി ഇപ്പോഴും ഐസിയുവിൽ തുടരുകയാണ്. പരിക്കേറ്റ ഹൈദരബാദ് സ്വദേശിയായ ഒമ്പത് വയസുകാരന്‍റെ നില ഗുരുതരമാണ്. ശ്രീതേജ് ഇപ്പോഴും കോമയിൽ ആണെന്ന് ഡോക്ടർമാർ പറഞ്ഞു. വെന്‍റിലേറ്ററിന്‍റെ സഹായത്തോടെ ആണ് ജീവൻ നിലനിർത്തുന്നത്. 

ട്യൂബ് വഴി ഭക്ഷണം നൽകുന്നതിനോട് ശരീരം കുഴപ്പങ്ങളില്ലാതെ പ്രതികരിക്കുന്നത് ആശ്വാസകരമാണെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. അതേ സമയം കുട്ടിയെ അല്ലു അര്‍ജുന്‍ കാണാന്‍ പോകാത്തതില്‍ ഉയര്‍ന്നിരുന്നു.

അതേസമയം, കുട്ടിയെ കാണാൻ പോകാതിരുന്നത് നിയമപ്രശ്‌നങ്ങൾ മൂലമാണെന്ന് ഇന്നലെ അല്ലു അർജുൻ വാർത്താ കുറിപ്പ് ഇറക്കിയിരുന്നു. നിയമവിദഗ്ധർ വിലക്കിയത് കൊണ്ട് മാത്രമാണ് കുട്ടിയെ കാണാൻ പോകാതിരുന്നതെന്ന് അല്ലു അർജുൻ പറഞ്ഞു.