സ്വർണ്ണം കടത്തിയ കേസിൽ എയർ ഇന്ത്യ കാബിൻ ക്രൂ അറസ്റ്റിൽ. ഒരുകോടി രൂപയിലധികം മൂല്യമുള്ള 1.7 കിലോ സ്വർണമാണ് കടത്താൻ ശ്രമിച്ചത്. ദുബായിൽനിന്ന് ചെന്നൈയിലേക്ക് വന്ന വിമാനത്തിൽ യാത്ര ചെയ്തിരുന്നയാളാണ് കാബിൻ ക്രൂവിന് സ്വർണ്ണം കൈമാറിയത്. യാത്രക്കാരന്റെയും കാബിൻ ക്രൂവിന്റെയും വിവരങ്ങൾ കസ്റ്റംസ് പുറത്തുവിട്ടിട്ടില്ല.

വിമാനത്തിനുള്ളിൽവെച്ച് ക്യാബിൻ ക്രൂവിന് സ്വർണം കൈമാറിയെന്ന് യാത്രക്കാരൻ സമ്മതിച്ചതായി കസ്റ്റംസ് വകുപ്പ് പ്രസ്താവനയിൽ പറഞ്ഞു. അടിവസ്ത്രത്തിൽ ഒളിപ്പിച്ച നിലയിലാണ് സ്വർണ്ണം കണ്ടെത്തിയത്. പരിശോധനയിൽ ക്യാബിൻ ക്രൂവിൻ്റെ അടിവസ്ത്രത്തിൽ ഒളിപ്പിച്ച നിലയിൽ സംയുക്ത രൂപത്തിലുള്ള സ്വർണമാണ് കണ്ടെത്തിയത്.

യാത്രക്കാരനെയും സംഭവത്തിൽ അറസ്റ്റു ചെയ്തിട്ടുണ്ട്. യാത്രക്കാരന്റെ കയ്യിലുണ്ടായിരുന്ന സ്വർണം കാബിൻ ക്രൂവിന് കൈമാറാനും വിമാനത്താവളത്തിൽ എത്തിയശേഷം പുറത്തുള്ളയാൾക്ക് കൈമാറാനുമായിരുന്നു ഇവരുടെ പദ്ധതിയെന്ന് കസ്റ്റംസ് അറിയിച്ചു. ഇരുവരെയും ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തിട്ടുണ്ട്. ഇതേക്കുറിച്ച് എയർ ഇന്ത്യ ഇതുവരെ പ്രതികരിച്ചിട്ടില്ല.