പാരീസ്: 72കാരിയെ വർഷങ്ങളോളം മയക്കുമരുന്ന് നൽകി നിരവധി ആളുകളേ ഉപയോഗിച്ച് പീഡിപ്പിച്ച സംഭവത്തിൽ മുൻ ഭർത്താവിന് 20 വർഷത്തെ തടവ് ശിക്ഷ വിധിച്ച് കോടതി. ഫ്രാൻസിൽ ഏറെ ചർച്ചകൾക്ക് കാരണമായ ജിസേൽ പെലികോട്ട് എന്ന 72 കാരിയുടെ മുൻ ഭർത്താവ് ഡൊമിനിക് പെലികോട്ടാണ് കേസിൽ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയിരുന്നു. 72കാരിയെ പീഡിപ്പിച്ച 50 ഓളം പുരുഷന്മാർക്കൊപ്പമായിരുന്നു കേസിന്റെ വിചാരണ നടന്നത്. വിചാരണ ചെയ്യപ്പെട്ട പുരുഷന്മാർ എല്ലാവരും തന്നെ ഒരു കുറ്റകൃത്യമെങ്കിവും ചെയ്തതായി കോടതി കണ്ടെത്തിയിട്ടുണ്ട്. എന്നാൽ കേസിലെ മറ്റ് പ്രതികൾക്ക് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടതിനേക്കാൾ കുറവ് ജയിൽ ശിക്ഷയാണ് നൽകിയിട്ടുള്ളത്.
കോടതി വിധി കേൾക്കാനായി ജിസേൽ പെലികോട്ടും മക്കളും കോടതിയിൽ എത്തിയിരുന്നു. ഫ്രാൻസിലെ ഏറ്റവും വലിയ ബലാത്സംഗ കേസ് വിചാരണയ്ക്കാണ് വിധിയോടെ അന്ത്യമായത്. മൂന്ന് മാസത്തിലേറ നീണ്ട വിചാരണ രാജ്യത്തെ പിടിച്ച് കുലുക്കിയിരുന്നു. നൂറുകണക്കിന് ആളുകളാണ് വിധി പ്രഖ്യാപന ദിവസമായ വ്യാഴാഴ്ച ജിസേലിന് പിന്തുണ പ്രഖ്യാപിച്ച് കോടതി മുറിയിലേക്ക് എത്തിയത്. വിചാരണ വളരെ വെല്ലുവിളികൾ നിറഞ്ഞതായിരുന്നുവെന്നാണ് ജിസേൽ വിധി പ്രഖ്യാപനത്തിന് പിന്നാലെ പ്രതികരിച്ചത്. പീഡനക്കേസിന് പിന്നാലെ 50 വർഷത്തെ ദാമ്പത്യ ബന്ധം ജിസേൽ നിയമപരമായി വേർപെടുത്തിയിരുന്നു.
ജിസേലിന്റെ ഭർത്താവ് കേസിലെ പ്രതിയായ മറ്റൊരാളുടെ ഭാര്യയേ പീഡിപ്പിച്ച കേസിലും പ്രതിയാണ്. മകളുടേയും മരുമകളുടെയും അനാവശ്യ ചിത്രങ്ങൾ എടുത്തതിനും ഡൊമിനിക് പെലിക്കോട്ട് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിട്ടുണ്ട്. കേസിലെ സഹപ്രതികളായ 46 പേർ ബലാത്സംഗ കേസിൽ കുറ്റം ചെയ്തതായി കോടതി കണ്ടെത്തി. കേസ് അന്വേഷണ ഘട്ടത്തിൽ മുതൽ ജയിലിൽ കഴിയുന്ന കൂട്ടുപ്രതികളിൽ ഏറിയ പങ്കും വിധി പ്രഖ്യാപനം കഴിഞ്ഞ് വലിയ താമസം ഇല്ലാതെ പുറത്ത് വരുമെന്നാണ് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. 2011 മുതൽ പത്ത് വർഷത്തോളമാണ് 72കാരി ക്രൂരമായി പീഡിപ്പിക്കപ്പെട്ടത്. ഡൊമിനിക് മറ്റൊരു കേസിൽ പ്രതിയായതിന് പിന്നാലെ നടന്ന അന്വേഷണത്തിലാണ് ഇയാളുടെ ഭാര്യയ്ക്ക് നേരെ നടന്ന അതിക്രമം പൊലീസ് കണ്ടെത്തിയത്.
നേരത്തെ വിചാരണ സമയത്ത് 72കാരിയെ വർഷങ്ങളോളം മയക്കുമരുന്ന് നൽകി പീഡിപ്പിച്ച സംഭവത്തിൽ പീഡനത്തിന്റെ ദൃശ്യങ്ങൾ കോടതിമുറിയിൽ പ്രദർശിപ്പിക്കാൻ കോടതി ഉത്തരവിട്ടിരുന്നു. സത്യം വ്യക്തമാകാൻ ദൃശ്യങ്ങൾ പ്രദർശിപ്പിക്കണമെന്നും പ്രായപൂർത്തിയാകാത്തവർ കോടതിമുറിക്ക് പുറത്ത് പോകണമെന്നും വ്യക്തമാക്കിയാണ് കോടതി മുറിയിൽ ദൃശ്യങ്ങൾ പ്രദർശിപ്പിക്കാൻ അനുമതി നൽകിയത്.
ഫ്രാൻസിലെ മാസാനിൽ വച്ചായിരുന്നു സ്ത്രീ ആക്രമിക്കപ്പെട്ടത്. അവിഗ്നോൻ പ്രവിശ്യയിൽ നിന്ന് 33 കിലോമീറ്റർ അകലെയുള്ള ഗ്രാമത്തിലെ വീട്ടിൽ വച്ചായിരുന്നു പീഡനം നടന്നത്. മയക്കുമരുന്നുകളുടെ അമിത പ്രയോഗത്തിൽ തനിക്ക് നേരിട്ട പീഡനത്തേക്കുറിച്ച് തിരിച്ചറിയാതിരുന്ന സ്ത്രീ 2020ലാണ് പൊലീസിൽ പരാതിയുമായി എത്തിയത്. മൂന്ന് മക്കളുടെ സഹായത്തോടെയാണ് സ്ത്രീ പൊലീസ് സഹായം തേടിയത്. ഫ്രാൻസ് സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ഊർജ്ജ സ്ഥാപനമായ ഇഡിഎഫിലെ ജീവനക്കാരനായിരുന്ന 71കാരനായ ഡൊമിനീക് പെലിക്കോട്ടിനെതിരായ വിചാരണയിലാണ് കോടതിയുടെ നിർണായക തീരുമാനം.