ചെന്നൈ: തന്റെ പെട്ടെന്നുള്ള വിരമിക്കലിന് പിന്നിൽ നിരന്തരമായ അപമാനിക്കപ്പെടലും കാരണമായിട്ടുണ്ടാകാമെന്ന പിതാവിന്റെ വെളിപ്പെടുത്തലിൽ വിശദീകരണവുമായി ആർ. അശ്വിൻ. ‘എന്റെ അച്ഛൻ മാധ്യമ പരിശീലനം നേടിയിട്ടില്ല’ എന്ന് വിശദീകരിച്ച അശ്വിൻ ‘ഏയ് അച്ഛാ, എന്താ ഇതെല്ലാം’ എന്ന് തമാശരൂപേണ എക്സിലൂടെ ചോദിച്ചു.

‘അച്ഛന്റെ പ്രസ്താവനകളെ നിങ്ങൾ ഇത്രയും ഗൗരവമായി കണക്കിലെടുക്കുമെന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല. അദ്ദേഹത്തോട് ക്ഷമിക്കാനും അദ്ദേഹത്തെ വെറുതെ വിടാനും നിങ്ങളോട് അഭ്യർത്ഥിക്കുന്നു,’ ടെലിവിഷൻ അവതാരകനും കമന്റേറ്ററുമായ സുമനാഥ് രാമൻ എന്നയാളുടെ ട്വീറ്റിനുള്ള പ്രതികരണമായി അശ്വിൻ കൂട്ടിച്ചേർത്തു. അശ്വിന്റെ അപ്രതീക്ഷിത വിരമിക്കലിന് പിന്നാലെ ന്യൂസ് 18-ന് നൽകിയ അഭിമുഖത്തിലായിരുന്നു അശ്വിന്റെ പിതാവ് രവിചന്ദ്രന്റെ പ്രതികരണം.

‘വിരമിക്കൽ തീരുമാനം അവന്റേതാണ്. എനിക്ക് അതിൽ ഇടപെടാൻ കഴിയില്ല, പക്ഷേ അദ്ദേഹം ചെയ്ത രീതിക്ക് നിരവധി കാരണങ്ങളുണ്ടാകാം. അശ്വിന് മാത്രമേ അറിയൂ, ഒരുപക്ഷേ അപമാനവുമായിരിക്കാം. കുടുംബത്തെ സംബന്ധിച്ചിടത്തോളം വികാരാധീതരാണ്. കാരണം അദ്ദേഹം 14-15 വർഷമായി കളിക്കളത്തിലായിരുന്നു. പെട്ടെന്നുള്ള മാറ്റവും വിരമിക്കൽ പ്രഖ്യാപനവും ഞങ്ങൾക്ക് ശരിക്കും ഒരു ഞെട്ടൽ നൽകി. അതേ സമയം, അപമാനം നേരിട്ടിരുന്നതിനാൽ ഞങ്ങൾ അത് പ്രതീക്ഷിച്ചിരുന്നു. ഇവയെല്ലാം എത്രനാൾ സഹിക്കും?’, അവൻ സ്വന്തമായി ആ തീരുമാനം എടുക്കുകയായിരുന്നുവെന്നും അശ്വിന്റെ പിതാവ് അഭിമുഖത്തിൽ പറഞ്ഞു.

13 വർഷമായി ഇന്ത്യൻ ക്രിക്കറ്റിലെ സ്പിൻ വിഭാഗത്തിന്റെ നെടുംതൂണായിരുന്ന ആർ. അശ്വിൻ കഴിഞ്ഞ ദിവസമായിരുന്നു അന്താരാഷ്ട്ര ക്രിക്കറ്റിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ചത്. ബ്രിസ്ബേനിൽ ഓസ്ട്രേലിയക്കെതിരായ മൂന്നാം ടെസ്റ്റ് സമനിലയിൽ പിരിഞ്ഞശേഷം അപ്രതീക്ഷിതമായാണ് മുപ്പത്തെട്ടുകാരനായ അശ്വിൻ വിരമിക്കൽ പ്രഖ്യാപിച്ചത്.