സിറിയയിലെ ക്രൈസ്തവരുടെ തദ്ദേശീയത ഉറക്കെ പ്രഖ്യാപിച്ച് അന്നാട്ടിലെ അന്ത്യോക്യൻ ഗ്രീക്ക് ഓർത്തഡോക്സ് പാത്രിയാർക്കീസ് യൊഹന്നാ പത്താമൻ.
ബഷാർ അൽ അസാദിൻറെ സ്വേച്ഛാധിപത്യഭരണത്തിൽ നിന്ന് ഇക്കഴിഞ്ഞ ഡിസംബർ 8-ന് വിമതർ മോചിപ്പിച്ച സിറിയയിൽ പുതിയൊരു രാഷ്ട്രീയാവസ്ഥ സംജാതമായിരിക്കുന്ന പശ്ചാത്തലത്തിലാണ് അന്നാട്ടിലെ ക്രൈസ്തവരുടെ ഉത്ഭവചരിതം സൂചിപ്പിച്ചുകൊണ്ട് അദ്ദേഹം ഒരു സന്ദേശത്തിൽ ഇങ്ങനെ പ്രസ്താവിച്ചിരിക്കുന്നത്.
ക്രൈസ്തവരുടെ തദ്ദേശീയസ്വഭാവം എടുത്തുകാട്ടുന്ന ഈ സന്ദേശം തങ്ങളുടെ ഭാവിയെക്കുറിച്ച് പ്രാദേശിക ക്രൈസ്തവർക്കുള്ള വികാരങ്ങളുടെയും പ്രതീക്ഷകളുടെയും ആവിഷ്ക്കാരമായി കരുതപ്പെടുന്നു. സിറിയയിലെ ക്രൈസ്തവരും മുസ്ലീംങ്ങളും പൊതുവായ ഒരു ചരിത്രത്തിൽ ഒരേ ഭാഗധേയം പങ്കുവയ്ക്കുന്നവരാണെന്ന് പാത്രിയാർക്കീസ് യൊഹന്നാ പത്താമൻ പറയുന്നു.
സിറിയ വിഘടികക്കാതെ ഒരു ഐക്യ രാജ്യമായി തുടരുമെന്ന തൻറെ പ്രത്യാശ അദ്ദേഹം പ്രകടിപ്പിക്കുകയും എല്ലവർക്കും തുല്യ അവകാശങ്ങളും കടമകളും ഉള്ള ഒരു രാഷ്ട്രമാണ് പൗരജനം അഭിലഷിക്കുന്ന സിറിയ എന്ന് വ്യക്തമാക്കുകയും ചെയ്യുന്നു. പൗരനന്മയ്ക്ക് അച്ചാരം ആത്യന്തികമായി ഭരണഘടനയാണ് എന്ന വസ്തുത അനുസ്മരിക്കുന്ന പാത്രിയാർക്കീസ് യൊഹന്നാ ഭരണഘടന തയ്യാറാക്കൽ ആഗോളവും സമഗ്രവുമായ ഒരു ദേശീയ പ്രക്രിയയായിരിക്കണം എന്ന് പറയുന്നു.