സർക്കാർ ആടിയുലയുന്നതിനിടെ മന്ത്രിസഭയിൽ വൻ മാറ്റവുമായി കാനഡ പ്രസിഡന്റ് ജസ്റ്റിൻ ട്രൂഡോ. വെള്ളിയാഴ്ച നടന്ന മന്ത്രിസഭാ അഴിച്ച് പണിയിൽ മന്ത്രി സഭയിലെ മൂന്നിൽ ഒന്ന് അംഗങ്ങളേയും മാറ്റിയിട്ടുണ്ട് ജസ്റ്റിൻ ട്രൂഡോ. പുതിയ എട്ട് മന്ത്രിമാരെയാണ് നിയമിച്ചിരിക്കുന്നത്. വീണ്ടും തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് സൂചന നൽകിയവർക്കാണ് മാറ്റം. രണ്ട് മൂന്നും വകുപ്പുകൾ വഹിച്ചിരുന്നവർക്ക് ചുമതലാ ഭാരം കുറയ്ക്കാനും നീക്കം കാരണമായിട്ടുണ്ട്. പുതിയ മന്ത്രിമാർക്കുള്ള ചുമതലാ കൈമാറ്റം പൂർത്തിയായതായാണ് ജസ്റ്റിൻ ട്രൂഡോ വിശദമാക്കുന്നത്.
സ്വന്തം പാർട്ടിയിൽ അടക്കം രാജി ആവശ്യം ശക്തമാവുന്നതിനിടെ മന്ത്രിസഭയിൽ അഴിച്ചുപണി നടത്തി പ്രതിസന്ധി മറികടക്കാൻ ആണ് ട്രൂഡോ ശ്രമിക്കുന്നത്. നേരത്തെ ട്രൂഡോയുമായുള്ള ഭിന്നതയെ തുടർന്ന് ഉപപ്രധാനമന്ത്രി ക്രിസ്റ്റിയ ഫ്രീലാൻഡ് രാജി വെച്ചിരുന്നു. പിന്നാലെ ട്രൂഡോയുടെ രാജി ആവശ്യപ്പെട്ട് ന്യൂ ഡെമോക്രോറ്റിക് പാർട്ടി നേതാവ് ജഗമീത് സിങ് രംഗത്തെത്തുകയും ചെയ്തിരുന്നു. ട്രൂഡോയ്ക്ക് എതിരെ ഉടൻ അവിശ്വാസ പ്രമേയം കൊണ്ടുവരുമെന്നാണ്
ജഗമീത് സിങ് വ്യക്തമാക്കിയത്. വർദ്ധിച്ചുവരുന്ന പണപ്പെരുപ്പവും ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയും നേരിടാൻ ട്രൂഡോ ഒന്നും ചെയ്യുന്നില്ല എന്നതാണ് സ്വന്തം പാർട്ടിക്കുള്ളിൽ തന്നെ ട്രൂഡോയ്ക്കെതിരെ ഉയരുന്ന പ്രധാന ആരോപണം.